01
Feb 2026
Sun
01 Feb 2026 Sun
union budget kerala 2026 turtle trail project kerala

Union budget 2026 അതിവേഗ റെയില്‍വേ ചോദിച്ച കേരളത്തിന് കേന്ദ്ര ബജറ്റ് കനിഞ്ഞരുളിയത് കടലാമ പരിപാലന പദ്ധതി. കേരളം നേരിട്ട ഈ അവഗണനയുടെ ഇച്ഛാഭംഗം ട്രോളുകളായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല മുഴുവന്‍ കിട്ടുന്നത് കടലാമകള്‍ക്കാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വേണ്ടിയെങ്കിലും കേരളത്തെ പരിഗണിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ബജറ്റ് അവതരണം കഴിഞ്ഞപ്പോഴേക്കും ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു. കേരളത്തിലെ മനുഷ്യരെ പരിഗണിക്കാതെ ആമകളെ മാത്രം പരിഗണിച്ചിട്ട് എന്തുകാര്യമെന്ന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. കടലാമ പരിപാലന പദ്ധതിയെന്തെന്നും പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്തെന്നും വിശദമായി അറിയാം. (union budget 2026 Fund For Turtle Trails kerala)

സോഷ്യല്‍ മീഡിയയില്‍ കടലാമ റോസ്റ്റ്

കൊതിച്ച അതിവേഗ റെയിലിനും എയിംസിനും പകരം കിട്ടിയത് കടലാമ പരിപാലനം മാത്രമെന്ന നിരാശയാണ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍. കേരളത്തിലെ ഓരോ കുടുംബത്തിനും ഓരോ കടലാമയെ വീതം പരിപാലിക്കാന്‍ നല്‍കുന്ന മികച്ച പദ്ധതിയാണ് ഇതെന്ന് ചില ട്രോളന്മാ. നമ്മള്‍ മലയാളികള്‍ ട്രെയിനില്ലെന്ന് പറഞ്ഞ് എന്തിന് വേദനിക്കണം? നമ്മുക്ക് നമ്മുടെ കടലാമയില്ലേ എന്ന് ആശ്വസിപ്പിക്കുന്നു വേറെ ചിലര്‍. മനുഷ്യരെ പരിഗണിച്ചില്ലെങ്കിലും കേന്ദ്രം കേരളത്തിലെ കടലാമകളെയെങ്കിലും പരിഗണിച്ചതിന് മറ്റുചിലര്‍ നന്ദിപറയുന്നു. മറ്റുള്ളവര്‍ക്ക് നല്ലതൊക്കെ കൊടുത്ത് ബാക്കിയുണ്ടായിരുന്ന കുറച്ച് കടലാമകളെ കേരളത്തിനെ ഏല്‍പ്പിച്ചെന്ന് ചിലര്‍ പറയുന്നു. ആമയെപ്പോലെ പതുക്കെ വാ എന്ന് കേന്ദ്രം കേരളത്തോട് പറയാതെ പറയുന്നു എന്ന് കണ്ടെത്തുകയാണ് ചില വിരുതന്മാര്‍. നിര്‍മല സീതാരാമന്‍ തമിഴില്‍ ‘ഉങ്കളുക്ക് എയിംസ് താനേ വേണോം?’ എന്ന് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി ‘ആമ ആമ…’ എന്ന് പറഞ്ഞതാണ് ഈ പണി കിട്ടാന്‍ കാരണമെന്നാണ് ചിലരുടെ കണ്ടെത്തല്‍

കടലാമകളെ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. കേരളത്തിന്റെ വികസനം ആമയുടെ വേഗതയില്‍ മതിയെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എം പി വിമര്‍ശിച്ചു. കേരളത്തിന് ആമയും തേങ്ങയുമാണ് കിട്ടിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പരിഹസിച്ചിരുന്നു.

എന്താണ് കടലാമ പരിപാലന പദ്ധതി?

ഇക്കോ- ടൂറിസത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബജറ്റില്‍ കടലാമ പരിപാലന പദ്ധതിയും ഉള്‍പ്പെടുത്തിയത്. ഇക്കോ ടൂറിസത്തിനായി 2500 കോടി രൂപ മാറ്റിവച്ചതില്‍ നിന്നാണ് ഈ പദ്ധതിയ്ക്കുള്ള തുകയും വിനിയോഗിക്കുക. കടലാമകളെ കാണാനും നിരീക്ഷിക്കാനുമുള്ള സ്പോട്ടുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ മുതലായവയാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുക. കടലാമകളെ ഒരു തരത്തിലും ശല്യപ്പെടുത്താതെ അവയെ ടൂറിസ്റ്റുകള്‍ക്ക് കാണാനും നിരീക്ഷിക്കാനുമൊക്കെ പദ്ധതിയിലൂടെ സൗകര്യമുണ്ടാക്കും.

ഒഡിഷ, കര്‍ണാടക, കേരള തീരങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ആവിഷ്‌കരിക്കുക വഴി ഇക്കോ ടൂറിസം വികസിപ്പിക്കാനും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മലയോര തീവണ്ടിയാത്ര സാധ്യമാക്കാനും കടലാമകള്‍, പക്ഷികള്‍ എന്നിവയെ കൂടുതല്‍ നിരീക്ഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും തുക വകയിരുത്തിയത് വഴി ടൂറിസത്തിന്റെ കൂടുതല്‍ സാധ്യതകള്‍ രാജ്യത്തിന് മുന്നില്‍ തുറന്നുവരികയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.