ഉത്തര്‍പ്രദേശിലെ ബന്ദയില്‍ മൂന്ന് മുതല്‍ പത്ത് വ യസ് വരെ പ്രായമുള്ള 33 പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ആഗോളതലത്തില്‍ വിറ്റഴിച്ചതായി തെളിഞ്ഞ കേസില്‍ ദമ്പതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.
|
ജലസേചന വകുപ്പിലെ മുന്‍ ജൂനിയര്‍ എന്‍ജിനീയറായ രാംഭവന്‍ (50) ഭാര്യ ദുര്‍ഗാവതി (47) എന്നിവര്‍ക്കെതിരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി മാതൃകാപരമായ വിധി പുറപ്പെടുവിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ആണെന്ന് കോടതി നിരീക്ഷിച്ചു. മനുഷ്യത്വത്തെ തന്നെ വെല്ലുവിളിക്കുന്ന ഇത്തരം കുറ്റങ്ങള്‍ക്ക് വധശിക്ഷയല്ലാതെ മറ്റൊരു ശിക്ഷയില്ലെന്നും കോടതി വ്യക്തമാക്കി.
കുട്ടികളെ പ്രലോഭിപ്പിച്ച രീതികള്‍
വീഡിയോ ഗെയിം കളിക്കാന്‍ നല്‍കിയും പണം, സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തും കുട്ടികളെ വീട്ടിലെത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഭാര്യ സജീവമായി സഹായിക്കുകയും ചെയ്തിരുന്നു.
ഇവ ‘ഡാര്‍ക്ക് വെബ്’ വഴി 47 രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിറ്റഴിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
2020-ല്‍ കേസ് ഏറ്റെടുത്ത സിബിഐ ശക്തമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ കൈവശം നിന്നുമുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും അന്വേഷണത്തില്‍ കണ്ടെത്തി.
പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കി.
പ്രതികളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം കുട്ടികള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.



