US will send second aircraft carrier to Middle East ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം യുഎസ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, രണ്ടാമതൊരു വിമാനവാഹിനിക്കപ്പല്‍ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ഒമാനില്‍ നടന്ന പരോക്ഷ ചര്‍ച്ചകള്‍ക്ക് പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ, യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് (USS Gerald R Ford) കരീബിയനില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് ‘വളരെ വേഗം’ തിരിക്കുമെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ സംസാരിക്കവെ ട്രംപ് സ്ഥിരീകരിച്ചു.
|
‘ആവശ്യമെങ്കില്‍ നമുക്ക് വലിയൊരു സൈന്യം അവിടെ തയ്യാറായിട്ടുണ്ടാകും,’ എന്ന് പറഞ്ഞ ട്രംപ്, ചര്‍ച്ചകള്‍ ‘വിജയകരമാകും’ എന്ന് താന്‍ വിശ്വസിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു കരാറിലെത്താന്‍ ഇറാന്‍ പരാജയപ്പെട്ടാല്‍ അത് ആ രാജ്യത്തിന് ‘മോശം ദിവസമായിരിക്കും’ എന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി.
ഇറാനില്‍ ഭരണമാറ്റം ഉണ്ടാകുന്നതാണ് സംഭവിക്കാവുന്ന ‘ഏറ്റവും നല്ല കാര്യം’ എന്നും പിന്നീട് ട്രംപ് പറഞ്ഞു. ‘കഴിഞ്ഞ 47 വര്‍ഷമായി അവര്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അതിനിടയില്‍ നമുക്ക് ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ടു,’ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഏബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പല്‍, മിസൈല്‍ വേധ കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍ എന്നിവയ്ക്ക് പിന്നാലെയാണ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡും മേഖലയിലേക്ക് എത്തുന്നത്. വാഷിംഗ്ടണില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ നിയന്ത്രിക്കാത്ത ഒരു കരാറിനോടും തനിക്ക് യോജിപ്പില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മിസൈല്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ടെഹ്റാന്‍.
ജൂണില്‍ ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ 12 ദിവസത്തെ യുദ്ധത്തിന് ശേഷം കൂടുതല്‍ സൈനിക നടപടികള്‍ വേണമെന്ന് നെതന്യാഹു ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിരുന്നു. ‘മിഡ്‌നൈറ്റ് ഹാമര്‍’ (Midnight Hammer) എന്ന് പേരിട്ട ഈ സൈനിക നീക്കത്തില്‍ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് യുഎസും പങ്കുചേര്‍ന്നിരുന്നു. അന്നത്തെ ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ ‘പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു’ എന്നാണ് ട്രംപ് അവകാശപ്പെട്ടത്.
സംഘര്‍ഷ സാധ്യത
ഇറാനും അമേരിക്കയും യൂറോപ്യന്‍ ശക്തികളും തമ്മിലുണ്ടാക്കിയ ജെസിപിഒഎ (JCPOA) കരാറില്‍ നിന്ന് 2018-ല്‍ ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വര്‍ദ്ധിപ്പിച്ചു. ജനുവരിയില്‍ രണ്ടാം തവണ അധികാരമേറ്റപ്പോള്‍ ട്രംപ് ഇറാനുമായി പുതിയ കരാറിന് ശ്രമിച്ചെങ്കിലും, ഇറാന്‍ അംഗീകരിക്കാത്ത കര്‍ശനമായ വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചത്.
ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (IAEA) മേധാവി റാഫേല്‍ ഗ്രോസിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇറാനുമായുള്ള ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാണെന്നും അദ്ദേഹം പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍, ഇനിയൊരു സൈനിക നീക്കം ഉണ്ടായാല്‍ അത് വലിയ പ്രാദേശിക യുദ്ധമായി മാറുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.




