ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു തരത്തിലും ഇടപെടാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കി അമേരിക്ക. (Vance says US won’t intervene in India-Pakistan conflict) രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അമേരിക്കയ്ക്ക് കാര്യമൊന്നുമില്ലെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് നിലപാട് വ്യക്തമാക്കിയത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
|
”ആകെ ചെയ്യാന്‍ കഴിയുന്നത് രണ്ട് കൂട്ടരോടും കുറച്ച് സംയമനം പാലിക്കാന്‍ പറയുക എന്നതാണ്. അതല്ലാതെ യുദ്ധത്തിന് നടുവില്‍ പോയി നില്‍ക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. അതില്‍ ഞങ്ങള്‍ക്കൊരു കാര്യവുമില്ല. അമേരിക്കയ്ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നല്ല അത്”- വാന്‍സ് പറഞ്ഞു.
ഇതൊരു മേഖലാ യുദ്ധമോ അല്ലെങ്കില്‍ ആണവ യുദ്ധമോ ആയി വളരില്ലെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. നിലവിലുള്ള അവസ്ഥ വച്ച് അങ്ങിനെയൊന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ- വാന്‍സ് പറഞ്ഞു.
വിദേശ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്ക് അനുസൃതമാണ് വാന്‍സിന്റെ പ്രസ്താവന. യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തിലും ഈയിടെ അമേരിക്ക സമാന നിലപാട് സ്വീകരിച്ചിരുന്നു.


