18
Mar 2025
Tue
18 Mar 2025 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാമ്പത്തിക കുറ്റവാളിയും ഐ.പി.എല്‍ മുന്‍ മേധാവിയുമായ ലളിത് മോദിയുടെ പുതിയ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവിട്ട് വനുവാട്ടു പ്രധാനമന്ത്രി. ലളിത് മോദിക്ക് നല്‍കിയ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ പൗരത്വ കമ്മിഷന് നിര്‍ദേശം നല്‍കിയതായി വനുവാട്ടുവിലെ പ്രധാനമന്ത്രി ജോതം നാപത്തിന്റെ ഓഫിസ് അറിയിച്ചു. നാടുകടത്തിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും മതിയായ തെളിവുകളുടെ അഭാവംമൂലം ലളിത് മോദിക്കെതിരേ മുന്നറിയിപ്പ് നോട്ടീസ് നല്‍കണമെന്ന ഇന്ത്യന്‍ അധികൃതരുടെ അഭ്യര്‍ത്ഥനകള്‍ ഇന്റര്‍പോള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ നിരസിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഓഫിസിന്റെ നടപടി. അത്തരമൊരു മുന്നറിയിപ്പ് അദ്ദേഹത്തിന്റെ പൗരത്വ അപേക്ഷ സ്വയമേവ നിരസിക്കപ്പെടാന്‍ കാരണമാകുമായിരുന്നുവെന്നും ഓഫിസ് വ്യക്തമാക്കി.

ഇന്ത്യന്‍ പൗരത്വവും ഇന്ത്യയുടെ പാസ്‌പോര്‍ട്ടും റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ലളിത് മോദിക്ക്, കനത്ത തിരിച്ചടിയായി പുതിയ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ വനുവാട്ടു സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) പ്രഥമ മേധാവിയായിരിക്കെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് 2010ല്‍ തദ്സ്ഥാനത്തു നിന്നു നീക്കിയതോടെ രാജ്യം വിട്ട് ബ്രിട്ടണില്‍ താമസമാക്കിയ ലളിത് മോദി ഈയടുത്താണ് പസഫിക് സമുദ്രത്തിലെ ദ്വീപുകളുടെ രാജ്യമായ വനവാട്ടു പൗരത്വമെടുത്തത്.

തെക്കന്‍ ശാന്തസമുദ്രത്തിലെ കൊച്ചു ദ്വീപായ വനുവാട്ടുവിലെ പൗരത്വം ലഭിച്ചെന്ന് ഉറപ്പായതോടെയാണ് ഗുജറാത്ത് സ്വദേശിയായ ലളിത് മോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ചത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ സറണ്ടര്‍ ചെയ്തതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധികേസുകളാണ് ലളിത് മോദിക്കെതിരേയുള്ളത്. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ മോദി സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

 

Vanuatu moves to cancel fugitive Lalit Modi’s passport: Bid to avoid extra

dition