21
Nov 2026
Sat
21 Nov 2026 Sat
Sikh Man Who Owns Sonia Gandhi's Childhood Home Wants To Turn It Into Museum

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ ബാല്യകാല വീട് മ്യൂസിയമാക്കി മാറ്റാൻ ഒരുങ്ങി ഇറ്റലിയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ സിഖ് വ്യവസായി സുഖ്ദേവ് സിങ് കാങ്. ആറു വർഷം മുമ്പ് വീട് വാങ്ങിയ ഇദ്ദേഹം, മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനുള്ള സോണിയ ഗാന്ധിയുടെ വ്യക്തിഗത വസ്തുക്കളും ചിത്രങ്ങളും രേഖകളും ലഭിക്കുന്നതിനായി ഗാന്ധി കുടുംബവുമായി കൂടിക്കാഴ്ച നടത്താനും താൽപര്യം പ്രകടിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറ്റലിയിലെ വിസെൻസ പ്രവിശ്യയിലുള്ള ലുസിയാനയിലാണ് ആറ് മുറികളുള്ള വീട് സ്ഥിതി ചെയ്യുന്നത്. 1946 ഡിസംബർ ഒമ്പതിനാണ് സോണിയ ഗാന്ധി ഇവിടെ ജനിച്ചത്. ജീവിതത്തിലെ ആദ്യകാല ബാല്യവർഷങ്ങളും ഈ വീട്ടിലാണ് ചെലവഴിച്ചത്. വീടിന് പുറത്ത് ഇന്ത്യൻ ദേശീയ പതാകയും ‘സോണിയ ഗാന്ധിയുടെ ജന്മസ്ഥലം’ എന്ന് രേഖപ്പെടുത്തിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ‘ഇന്ത്യൻ ഹൗസ്’ എന്നാണ് വീട് അറിയപ്പെടുന്നതെന്ന് സുഖ്ദേവ് സിങ് പറഞ്ഞു.

2020ലാണ് ഭാര്യയുടെയും മകളുടെയും പേരിൽ അദ്ദേഹം വീട് വാങ്ങിയത്. വീടിന്റെ പരിപാലനത്തിനായി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് വീട് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വസ്തുനികുതിയും പരിപാലനച്ചെലവും ഉൾപ്പെടെ പ്രതിവർഷം ഏകദേശം 1,000 യൂറോ ഇതിനായി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാടകയ്ക്ക് നൽകാനും ഗുരുദ്വാരയാക്കി മാറ്റാനുമുള്ള നിർദേശങ്ങൾ കുടുംബം നേരത്തെ നിരസിച്ചിരുന്നു. സോണിയ ഗാന്ധിയുടെയും മൈനോ കുടുംബത്തിന്റെയും ചരിത്രബന്ധം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറ്റലിയിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയൊരു സന്ദർശനകേന്ദ്രമായി മ്യൂസിയം മാറുമെന്നാണ് സുഖ്ദേവിന്റെ പ്രതീക്ഷ. മ്യൂസിയം യാഥാർഥ്യമാക്കുന്നതിനായി സോണിയ ഗാന്ധിയെയും മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും നേരിൽ കാണാനാണ് അടുത്ത നീക്കം. കുടുംബത്തിന്റെ പഴയ ചിത്രങ്ങൾ, രേഖകൾ, വ്യക്തിഗത വസ്തുക്കൾ, മറ്റ് ഓർമസാമഗ്രികൾ എന്നിവ ലഭിച്ചാൽ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് പദ്ധതി. 1992ൽ പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ഗ്രാമത്തിൽനിന്ന് ഇറ്റലിയിലേക്ക് കുടിയേറിയ സുഖ്ദേവ് ഇപ്പോൾ അമൃത്സർ സന്ദർശനത്തിലാണ്. സോണിയ ഗാന്ധിയുടെ ഓർമകൾ നിലനിർത്തുന്നതിനൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും മ്യൂസിയം ഗുണകരമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

ALSO READ: യുഎസ് എഫ്-16 യുദ്ധവിമാനത്തിന് നേരെ ഇറാന്റെ ആക്രമണം; അടിയന്തര ലാൻഡിങ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക