Vijay with karoor victim family കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഉറ്റവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞും ആശ്വസിപ്പിച്ചും സൂപ്പര്‍ താരം വിജയ്. ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ മാമല്ലപുരത്തെ സ്വകാര്യ റിസോര്‍ട്ടിലെത്തിയാണ് വിജയ് നേരില്‍ കണ്ടത്.
|
ദുരന്തമുണ്ടായ വേളയില്‍ ഒന്നും പറയാതെ കരൂരില്‍ നിന്ന് പോകേണ്ടി വന്നതിലും താരം മാപ്പ് ചോദിച്ചതായി ആളുകള്‍ പറയുന്നു. ‘എന്തുസഹായം വേണമെങ്കിലും ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്നും സഹോദരനെപ്പോലെ കണ്ട് എന്ത് വേണമെങ്കിലും ചോദിക്കാമെന്നും താരം പറഞ്ഞു. കുടുംബാംഗങ്ങള്‍ക്ക് ജോലി, വീട് തുടങ്ങി എന്ത് സഹായവും ചെയ്യാമെന്ന് വിജയ് വാഗ്ദാനം ചെയ്തു.
സ്വകാര്യ റിസോര്‍ട്ടിലെ 46 മുറികളാണ് കരൂരില്‍ നിന്നുള്ള 37 കുടുംബങ്ങള്‍ക്കായി വിജയ്‌യുടെ വരവിന് മുന്‍പായി ബുക്ക് ചെയ്തത്. 37 കുടുംബങ്ങളെയും ഞായറാഴ്ച തന്നെ റിസോര്‍ട്ടിലെത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കുടുംബാംഗങ്ങളുമായി താരം കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ആറര വരെ ആളുകളുടെ സങ്കടങ്ങള്‍ കേട്ടും ആശ്വസിപ്പിച്ചും സമയം ചെലവഴിച്ചു.
ഉറ്റവരെ നഷ്ടമായ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം താരം നേരത്തെ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നു. ഈ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. കരൂരിലെ കുടുംബങ്ങളെ താരം സന്ദര്‍ശിച്ചത് തീര്‍ത്തും രഹസ്യമായാണ് സൂക്ഷിച്ചത്. സ്വകാര്യ സന്ദര്‍ശനമാണെന്നും പരസ്യപ്പെടുത്തരുതെന്നും താരം നിര്‍ദേശം നല്‍കിയിരുന്നതായും സൂചനകളുണ്ട്.





