ഈ മാസം 18നാണ് ഇടുക്കിയിലെ പട്ടംകോളനി മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് കൂട്ടാറില്‍ എസ്ബിഐ ബാങ്കിനു സമീപം നിര്‍ത്തിയിട്ടിയിരുന്ന ഒരു ട്രാവലര്‍ ഒഴുകിപ്പോവുന്ന വൈറല്‍ ദൃശ്യമാണ് അന്ന് ഇടുക്കിയിലെ മഴക്കെടുതിയുടെ തീവ്രത പുറംലോകത്തെ അറിയിച്ചത്.
|
കൂട്ടാര്‍ സ്വദേശി കേളന്‍ത്തറയില്‍ ബി റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വിനായക് എന്ന് പേരിട്ട ആ വാഹനം. 16 ലക്ഷത്തിലേറെ രൂപ മുടക്കിയ വാഹനം കണ്‍മുന്നിലൂടെ ഒഴികിപ്പോവുമ്പോള്‍ നിസ്സഹായനായി പകച്ചു നിന്ന റെജിനെ പുതിയ വാഹനം നല്‍കി ചേര്‍ത്തുപിടിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഏതാനും കൂട്ടുകാര്‍. 19 സീറ്റുള്ള പുതിയ ട്രാവലറാണ് ബംഗളൂരുവില്‍ ഐ ടി ജീവനക്കാരും കണ്ണൂര്‍ സ്വദേശികളുമായ അഞ്ജിതയും സുബിനും പേരു വെളിപ്പെടുത്താൻ തയാറാകാത്ത മറ്റൊരു സുഹൃത്തും ചേര്‍ന്നു വാങ്ങി നല്‍കിയത്.
വാഹനം ഒഴുകിപ്പോയ കൂട്ടാര്‍ ആറിന്റെ തീരത്തുവച്ചാണ് താക്കോല്‍ കൈമാറിയത്. ഒഴുകിപ്പോയ വാഹനത്തിന് 17 സീറ്റുകളാണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയതിന് 19 സീറ്റുകളുണ്ട്. ഡ്രൈവറായാണ് കണ്ണൂര്‍ സ്വദേശികളുമായി പരിചയപ്പെട്ടതെന്നും അത് പിന്നീട് സൗഹൃദമായി വളരുകയായിരുന്നുവെന്നും കടപ്പാട് അറിയിച്ചുകൊണ്ട് റെജിന്‍ പറയുന്നു. ഒഴുകിപ്പോയ വാഹനം തിരികെ ലഭിക്കുമ്പോള്‍ പൂര്‍ണമായും നശിച്ചിരുന്നു.കല്‍ക്കൂട്ടത്തിനിടയില്‍ തങ്ങിനിന്നിരുന്ന വാഹനം ട്രാക്ടറിന്റെ സഹായത്തോടെയാണ് കരയ്ക്കുകയറ്റിയിരുന്നത്.
സന്തോഷ്, രാജകൃഷ്ണ എന്നിവരായിരുന്നു റെജിമോന്റെ ട്രാവലര്‍ ഓടിച്ചിരുന്നത്. വെള്ളിയാഴ്ച തമിഴ്നാട്ടിലെ ക്ഷേത്രത്തിലേക്ക് ഓട്ടം പോയ ശേഷം വൈകിട്ട് ഏഴോടെ തിരികെയെത്തി പാര്‍ക്ക് ചെയ്ത വാഹനമാണ് ശനിയാഴ്ച രാവിലെ ഒഴുക്കില്‍പെട്ടത്. ഇവിടുത്തെ പാലവും ഒഴുകിപ്പോയിരുന്നു. ഇതിനു പകരം തെങ്ങിന്‍തടികളിട്ട് നാട്ടുകാര്‍ താല്‍ക്കാലിക നടപ്പാലം കഴിഞ്ഞദിവസം ക്രമീകരിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





