ചെന്നൈ: നടന്‍ വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് തമിഴില്‍ നായകനായി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. നീ വരുവായ് എന്ന അജിത് കുമാര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നടി ദേവയാനിയുടെ മകള്‍ ഇനിയ ആയിരിക്കും ചിത്രത്തില്‍ നായികയായി എത്തുക.
|
1999-ല്‍ ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരന്‍ സംവിധാനം ചെയ്ത നീ വരുവായ് എന്ന സിനിമയില്‍ ദേവയാനിയായിരുന്നു നായിക. ചിത്രത്തില്‍ പാര്‍ത്ഥിബന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ഫ്‌ലാഷ്ബാക്ക് രംഗങ്ങളില്‍ ദേവയാനിയുടെ മരിച്ചുപോയ കാമുകന്റെ കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിച്ചത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, രാജകുമാരന്‍ ആ ചിത്രത്തിലേക്ക് വിജയെയും അജിത്തിനെയും കാസ്റ്റ് ചെയ്യാനായിരുന്നു തന്റെ പ്രാരംഭ പദ്ധതിയെന്ന് വെളിപ്പെടുത്തിയിരുന്നു.
ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് ജേസണ്‍ സഞ്ജയ്ക്ക് താല്‍പ്പര്യം. കാനഡയില്‍ ഫിലിം മേക്കിംഗ് പഠിക്കുന്ന ജേസണ്‍ അടുത്തിടെ നിര്‍മ്മിച്ച ഒരു ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടിയിരുന്നു. ഇനിയയും കോളേജ് വിദ്യാര്‍ഥിനിയാണ്. ജേസണ്‍ സഞ്ജയ് വിജയുമായി സാമ്യമുള്ളതിനാല്‍ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ ഒക്ടോബര്‍ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും. ദളപതി 68ന്റെ ചിത്രീകരണവും വിജയ് ഉടന്‍ ആരംഭിക്കും. ‘വാരിസി’ന്റെ റിലീസിന് മുന്നോടിയായി 2022ല്‍ സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍ ജേസണ്‍ സഞ്ജയ് സിനിമാ പ്രവേശനത്തിന് ഒരുങ്ങുന്നതായി വിജയ് പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ സംവിധായകരില്‍ നിന്ന് നിരവധി അവസരങ്ങള്‍ എത്തുന്നുണ്ടെന്നും എന്നാല്‍ സഞ്ജയ് ഒന്നും സ്വീകരിച്ചിട്ടില്ലെന്നുമാണ് വിജയ് അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദളപതിയെന്ന് ആരാധകര്‍ വിളിക്കുന്ന വിജയ്. നിലവില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന താരവും വിജയ് ആണ്.


