വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ‘റിവോള്‍വര്‍ റാണി’യുടെ ഷൂട്ടിങിനിടയില്‍ ഒരു ചുംബന രംഗത്തില്‍ സംവിധായകന്‍ ‘കട്ട്’ പറഞ്ഞിട്ടും കങ്കണ നടന്‍ വീര്‍ ദാസിനെ ചുംബിക്കുന്നത് നിര്‍ത്തിയില്ലെന്നും, ഒടുവില്‍ നടന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തിയെന്നും വെളിപ്പെടുത്തല്‍. അടുത്തിടെ സിദ്ധാര്‍ത്ഥ് കണ്ണന്റെ പോഡ്കാസ്റ്റില്‍ സിമി ചന്ദോക്കെയാണ് ഇക്കാര്യം പറഞ്ഞത്. സിമിയുടെ ആരോപണം. സിമിയുടെ വാക്കുകളാകട്ടെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു.
|
എന്നാല്‍, വാര്‍ത്ത പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി നടനും സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനുമായ വീര്‍ ദാസ് തന്നെ രംഗത്തെത്തി. തനിക്കെതിരെ പ്രചരിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ചതിന് കങ്കണ വീര്‍ ദാസിന് നന്ദി പറയുകയും ചെയ്തു.
ട്വിറ്ററിലൂടെയാണ് (X) വീര്‍ ദാസ് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയത്. ഷൂട്ടിംഗ് സെറ്റില്‍ കങ്കണ തികഞ്ഞ പ്രൊഫഷണലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കങ്കണ തനിക്കെതിരെ നടത്തിയ ‘ഭീകരവാദി’ പരാമര്‍ശം ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്നെയാണ്, ഇപ്പോഴത്തെ പ്രചരണം കങ്കണയോട് കാണിക്കുന്ന അനീതിയാണെന്ന് വീര്‍ ദാസ് വ്യക്തമാക്കിയത്.
ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് വീര്‍ ദാസ് പ്രതികരിച്ചത്. ‘എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന വീര്‍ ദാസ് ഈ മാധ്യമപ്രവര്‍ത്തകന്റെ പ്രസ്താവനയില്‍ എന്തുകൊണ്ട് നിശബ്ദനായിരിക്കുന്നു? അവര്‍ പറയുന്നത് സത്യമാണോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
ഇതിന് മറുപടിയായി വീര്‍ ദാസ് കുറിച്ചതിങ്ങനെ: ‘ശരിയാണ്, നമുക്ക് ഇതിലൊരു വ്യക്തത വരുത്താം. ഈ വാര്‍ത്ത പൂര്‍ണ്ണമായും കെട്ടിച്ചമച്ച കഥയാണ്. കങ്കണ തികഞ്ഞ പ്രൊഫഷണലും മികച്ച ഒരു കലാകാരിയുമാണ്. ഇത് അവര്‍ക്കെതിരെ നടക്കുന്ന വ്യക്തിഹത്യയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ കോമഡിയുടെ പേരില്‍ അവര്‍ എന്നെ ഭീകരവാദി എന്ന് വിളിച്ചിരുന്നു എന്നത് ശരിയാണ്, എന്നാല്‍ സിനിമയുടെ സെറ്റില്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു.’ ചുംബനരംഗം കഴിഞ്ഞിട്ടും കങ്കണ നിര്‍ത്തിയില്ലെന്നും ഇത് വീര്‍ ദാസിന് പരിക്കേല്‍പ്പിച്ചു എന്നുമായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച അവകാശവാദം.
ഇതാദ്യമായല്ല ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വരുന്നത്. 2023-ലും സമാനമായ രീതിയില്‍ കങ്കണയുമായുള്ള ചുംബനരംഗത്തില്‍ വീര്‍ ദാസിന്റെ ചുണ്ടില്‍ നിന്ന് ചോര വന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പരിഹാസത്തോടെയാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്. ‘ഋത്വിക് റോഷന് ശേഷം ഞാന്‍ പാവം വീര്‍ ദാസിന്റെ മാനവും ഭംഗപ്പെടുത്തിയോ? ഇതെപ്പോഴാണ് സംഭവിച്ചത്?’ എന്നായിരുന്നു ചിരിക്കുന്ന ഇമോജികളോടെ കങ്കണ അന്ന് കുറിച്ചത്.
എന്തുകൊണ്ടാണ് കങ്കണ വീര്‍ ദാസിനെ ‘ഭീകരവാദി’ എന്ന് വിളിച്ചത്?
മുന്‍പ് വീര്‍ ദാസിന്റെ ഒരു സ്റ്റാന്‍ഡ്-അപ്പ് കോമഡി വീഡിയോ വലിയ വിവാദമായിരുന്നു. ഇന്ത്യയില്‍ പുരുഷന്മാര്‍ പകല്‍ സമയത്ത് സ്ത്രീകളെ ആരാധിക്കുകയും രാത്രിയില്‍ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്നു എന്നായിരുന്നു വീഡിയോയിലെ പരാമര്‍ശം. ഇതിനെതിരെ കങ്കണ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. എല്ലാ ഇന്ത്യന്‍ പുരുഷന്മാരെയും ബലാത്സംഗം ചെയ്യുന്നവരായി ചിത്രീകരിക്കുന്നത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങള്‍ക്ക് കാരണമാകുമെന്നും, ഒരു സമൂഹത്തെ മുഴുവന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം സൃഷ്ടികള്‍ ‘സോഫ്റ്റ് ടെററിസം’ (Soft Terrorism) ആണെന്നും ഇങ്ങനെയുള്ള കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കങ്കണ അന്ന് ആവശ്യപ്പെട്ടിരുന്നു.
റിവോള്‍വര്‍ റാണിയെക്കുറിച്ച്
2014-ല്‍ കങ്കണയ്ക്ക് കരിയറിലെ ഏറ്റവും വലിയ വിജയങ്ങള്‍ സമ്മാനിച്ച ‘ക്വീന്‍’ (Queen) എന്ന ചിത്രത്തിന് തൊട്ടുപിന്നാലെയാണ് റിവോള്‍വര്‍ റാണി പുറത്തിറങ്ങുന്നത്. ക്വീനിലെ ശാന്തസ്വഭാവക്കാരിയായ റാണിയില്‍ നിന്ന് വ്യത്യസ്തമായി കങ്കണ ഒരു അഴിമതിക്കാരിയായ രാഷ്ട്രീയപ്രവര്‍ത്തകയുടെ വേഷമാണ് റിവോള്‍വര്‍ റാണിയില്‍ ചെയ്തത്. ചമ്പല്‍ പശ്ചാത്തലമാക്കി പുതുമുഖ സംവിധായകന്‍ സായ് കബീര്‍ ഒരുക്കിയ ചിത്രത്തില്‍ കങ്കണയുടെ കാമുകനായാണ് വീര്‍ ദാസ് അഭിനയിച്ചത്.
Vir Das Rubbishes Claims of Kangana Ranaut Injuring Him During Kissing Scene




