സമുദായത്തിനെതിരെ നിരന്തര വാര്‍ത്തകള്‍: ന്യൂസ് 18, മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കാന്‍ ജമാഅത്ത് കൗണ്‍സില്‍
|
കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച് ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളും മലയാള മനോരമ, മാതൃഭൂമി എന്നീ അച്ചടി മാധ്യമങ്ങളും ബഹിഷ്‌കരിക്കാന്‍ വൈപ്പിന്‍ മേഖലാ ജമാഅത്ത് കൗണ്‍സില്‍ തീരുമാനം. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങളുടെയും കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ഥന സദസ്സിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. ഗസ്സയിലെ ആക്രമണത്തെ മലയാള മനോരമ ഇസ്രായേല്‍ അനുകൂലമായാണ് റിപ്പോര്‍ട്ട്‌ചെയ്യുന്നതെന്ന് നേരത്തെ തന്നെ മുസ്‌ലിം സമുദായത്തിനുള്ളില്‍നിന്ന് ആക്ഷേപം ഉണ്ടായിരുന്നു. കൂടാതെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് പ്രത്യക്ഷമായി ബിജെപിക്ക് അനുകൂലമായി നിലകൊള്ളുകയാണെന്നും ജമാഅത്ത് കൗണ്‍സില്‍ വിശ്വസിക്കുന്നു.
മുസ്‌ലിം സമുദായത്തിനുനേരെ വാര്‍ത്ത മാധ്യമങ്ങളിലൂടെ നിരന്തരമായ വിദ്വേഷപ്രചരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ചചെയ്യുന്നതിനായി വൈപ്പിന്‍ മേഖല ജമാ അത്ത് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു. എടവനക്കാട് ഫലാഹിയ മദ്രസ്സ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈപ്പിന്‍ മണ്ഡലത്തിലെ മുഴുവന്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളും മഹല്ല് ഇമാമുകളും പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





