രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് (I-PAC) ഓഫീസിലും അതിന്റെ മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധ റാലി നയിച്ചു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ (TMC) പ്രതിഷേധം. 15 കിലോമീറ്റര്‍ ദൂരമാണ് മമത റാലി നയിച്ചത്.
|
റെയ്ഡും പ്രതിഷേധവും
കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് ടിഎംസി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഐ-പാക് റെയ്ഡിലൂടെ പാര്‍ട്ടിയുടെ ആഭ്യന്തര വിവരങ്ങളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്താനാണ് കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നതെന്ന് ടിഎംസി ആരോപിച്ചു.
ഇതേ വിഷയത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഡെറിക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര തുടങ്ങിയ ടിഎംസി എംപിമാരെ പോലീസ് തടഞ്ഞുവെച്ചു. അമിത് ഷായുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ഇവരെ പോലീസ് വലിച്ചിഴച്ചാണ് നീക്കിയത്.
ഇ.ഡിയുടെ ആരോപണം:കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഐ-പാക്കിനെതിരെ അന്വേഷണം നടത്തുന്നതെന്ന് ഇ.ഡി വ്യക്തമാക്കി. റെയ്ഡ് തടസ്സപ്പെടുത്തിയെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി ഹാര്‍ഡ് ഡ്രൈവ്, മൊബൈല്‍ ഫോണ്‍, രേഖകള്‍ എന്നിവ അടങ്ങിയ തെളിവുകള്‍ കടത്തിക്കൊണ്ടുപോയെന്നും ആരോപിച്ച് ഇ.ഡി പരാതി നല്‍കി.
മമതയുടെ പ്രതികരണം: റെയ്ഡിനെ ‘രാഷ്ട്രീയ പ്രതികാരം’ എന്നാണ് മമത വിശേഷിപ്പിച്ചത്. വ്യാഴാഴ്ച പ്രതീക് ജെയിനിന്റെ വസതി സന്ദര്‍ശിച്ച മമത, ഏഴ് മിനിറ്റോളം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഈ സമയത്ത് അവര്‍ ചില രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുപോയെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
തെളിവുകള്‍ നശിപ്പിച്ചുവെന്ന ഇ.ഡിയുടെ പരാതിയില്‍ മമത ബാനര്‍ജിക്കെതിരെ എഫ്ഐആര്‍ (എകഞ) രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ജനുവരി 14-ന് പരിഗണിച്ചേക്കും.
തൃണമൂലിന്റെ അദൃശ്യ ശക്തി
പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ മമതാ ബാനര്‍ജി എന്ന ജനകീയ നേതാവിനോളം ശക്തമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന ഐപാക് എന്ന ഏജന്‍സി. കൊല്‍ക്കത്തയിലെ കണ്ണായ സ്ഥലത്തെ കൂറ്റന്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നൂറിലധികം ലാപ്ടോപ്പുകള്‍ക്ക് മുന്നിലിരുന്ന് ഐ.ടി ഓഫിസ് മാതൃകയില്‍ ജോലി ചെയ്യുന്ന യുവാക്കളാണ് മമതയുടെ ഓരോ രാഷ്ട്രീയ നീക്കത്തിനും പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍.
തൃണമൂല്‍ കോണ്‍ഗ്രസ് വൈകാരികമായി ജനങ്ങളോട് സംവദിക്കുമ്പോള്‍, അതിന് ശാസ്ത്രീയവും കൃത്യവുമായ ചട്ടക്കൂട് ഉണ്ടാക്കി നല്‍കുന്നത് ഐപാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ആണ്. 2014 വരെ മുകുള്‍ റോയ് എന്ന ഒറ്റയാന്‍ ആയിരുന്നു മമതയ്ക്കുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത്. റോയ് പിന്നീട് ബി.ജെ.പിയിലേക്ക് പോകുകയും തിരിച്ചെത്തുകയുംചെയ്തു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ഐപാക് ബംഗാളില്‍ സജീവമായത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടക്കം കടക്കില്ലെന്ന പ്രശാന്ത് കിഷോറിന്റെ പ്രവചനം ഫലിച്ചതോടെ ഐപാക്കിന്റെ പ്രസക്തി വര്‍ധിച്ചു.
അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഈ ഐപാക് വിവിധ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലെയും ജനകീയ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ് അത് നേതൃത്വത്തെ അറിയിക്കുന്നു.
‘ദുആരെ സര്‍ക്കാര്‍’ (സര്‍ക്കാര്‍ വാതില്‍ക്കല്‍), ‘ലക്ഷ്മി ഭണ്ഡാര്‍’, ‘ദീദി കെ ബോലോ’ തുടങ്ങിയ ജനപ്രിയ പദ്ധതികളുടെയും പ്രചാരണങ്ങളുടെയും പിന്നില്‍ ഐപാക് ആണ്. ജനസമ്മതിയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും സിറ്റിങ് എം.എല്‍.എമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഇവര്‍ പ്രത്യേക ചോദ്യാവലികള്‍ ഉപയോഗിക്കുന്നു. പാര്‍ട്ടിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ നേരിടാനും സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സമൂഹമാധ്യമങ്ങളിലും ഇവര്‍ സജീവമാണ്.
നിലവില്‍ പ്രതീക് ജെയിന്‍, വിനേഷ് ചാന്ദല്‍, ഋഷി രാജ് സിംങ് എന്നീ മൂന്ന് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഐപാക് പ്രവര്‍ത്തിക്കുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണം, നിയമവാഴ്ചയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ എന്നിവയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്ന തിരക്കിലാണിപ്പോള്‍ ഇവര്‍.





