23
Jan 2023
Fri
23 Jan 2023 Fri

സംസ്ഥാന സർക്കാരിന്റെ 16 കോടി രൂപയുടെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ അടിച്ച ഭാഗ്യശാലി പേര് വെളിപ്പെടുത്തില്ല. ഒന്നാം സമ്മാനമായ 16 കോടിയുടെ ടിക്കറ്റ് ഹാജരാക്കിയ വ്യക്തി പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിക്കുകയായിരുന്നു. ഇത് പ്രകാരം ഇയാളുടെ വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്ന് വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് ഇന്നലെ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പാലക്കാട് വിറ്റ എക്‌സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനൻ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുളള തുകയാണ് സമ്മാനാർഹന് ലഭിക്കുക.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റേത്. ഒരു കോടി രൂപ വീതം പത്ത് പേർക്കാണ് രണ്ടാം സമ്മാനം നൽകുന്നത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്കും വിതരണം ചെയ്യും. 400 രൂപയായിരുന്നു ടിക്കറ്റ് വില. 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്.

അടുത്തിടെ ലോട്ടറിയടിച്ച യുവാവ് സംഭാവന ചോദിച്ചെത്തുന്നവരുടെ ശല്യം കാരണം ജീവിതം പൊറുതിമുട്ടിയതായി പരാതിപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാനാണ് ലോട്ടറിയടിച്ച വ്യക്തി പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് അഭ്യർഥിച്ചത്.