
കോഴിക്കോട്: സാമൂഹിക, ജീവകാരുണ്യ സേവന രംഗത്തെ സജീവസാന്നിധ്യവും വയനാട് മുസ്‌ലിം യത്തീംഖാന (WMO) ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ എം.എ. മുഹമ്മദ് ജമാല്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ല വൈസ് പ്രസിഡന്റുമായിരുന്നു.
![]() |
|
വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവായ ജമാല്‍ സാഹിബ്, 1967ല്‍ മുക്കം യതീംഖാനയുടെ ശാഖയായി മുട്ടില്‍ ഡബ്ല്യു.എം.ഒ ആരംഭിച്ചത് മുതല്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1976 ല്‍ ഡബ്ല്യു.എം.ഒയുടെ ജോയിന്റ് സെക്രട്ടറിയായി. 1988 മുതല്‍ ജനറല്‍ സെക്രട്ടറിയുമാണ്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് 2006ല്‍ കേരള മാപ്പിള കലാ അക്കാദമിയുടെ പ്രഥമ ശരീഫ ഫാതിമ പുരസ്‌കാരം, 2008ല്‍ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള ഇന്ദിരാ ഗാന്ധി സദ്ഭാവന അവാര്‍ഡ്, 2011ല്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള കെ.എസ്.ടി.യുവിന്റെ പ്രഥമ ശിഹാബ് തങ്ങള്‍ പുരസ്‌കാരം, ഖാഇദേമില്ലത്ത് ഫൗണ്ടേഷന്റെ ഖാഇദേ മില്ലത്ത് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യമുള്ള ജമാല്‍ സാഹിബ് നിരവധി ദേശീയ, അന്തര്‍ദേശീയ സെമിനാറുകളിലും പരിശീലന പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
പിതാവ്: അബ്ദു റഹീം അധികാരി. മാതാവ്: കദീജ ഹജ്ജുമ്മ. ഭാര്യ: നഫീസ പുനത്തില്‍. മക്കള്‍: അഷ്‌റഫ്, ജംഹര്‍, ഫൗസിയ, ആയിശ.
മയ്യിത്ത് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുട്ടില്‍ യത്തീംഖാനയില്‍ എത്തിക്കും. നാലുമണിവരെ അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആറ് മണിക്ക് സുല്‍ത്താന്‍ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മൃതദേഹം എത്തിക്കും. രാത്രി 7.30ന് സുല്‍ത്താന്‍ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യത്ത് നമസ്‌കാരവും തുടര്‍ന്ന് ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും.