09
Jul 2023
Wed
09 Jul 2023 Wed

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് നാളെ തുടക്കം; ടീമുകളെ അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെല്‍ബണ്‍: ഇനി ഒരുമാസം വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആരവം. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ഒമ്പതാം എഡിഷന് നാളെ കിക്കോഫ്. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡ് നോര്‍വേയെ നേരിടും. വൈകീട്ട് 3.30ന് ഓസ്‌ട്രേലിയ അയര്‍ലന്‍ഡിനെയും നേരിടും. ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. 10 വേദികളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനല്‍ ഓഗസ്റ്റ് 20ന് സിഡ്‌നിയിലെ ഒളിമ്പിക് പാര്‍ക്കില്‍ നടക്കും.

32 ടീമുകളാണ് മത്സരത്തിന് ഒരുങ്ങുന്നത്. നാല് കിരീടങ്ങള്‍ സ്വന്തമാക്കിയ യു.എസ് ആണ് നിലവിലെ ചാമ്പ്യന്മാര്‍. 1991, 1999, 2015, 2019 എന്നീ വര്‍ഷങ്ങളിലാണ് യുഎസ് കപ്പ് നേടിയത്.

ഗ്രൂപ്പ് ഇയില്‍ നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, വിയറ്റ്‌നാം എന്നിവരാണ് യുഎസ്സിന്റെ എതിരാളികള്‍. ഫിഫാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണെന്നതും ടീമിന്റെ ആത്മവിശ്വാസം കൂട്ടും. 22കാരിയായ മുന്നേറ്റതാരം സോഫിയ സ്മിത്താണ് യുഎസ് കരുത്ത്. ജര്‍മനി, സ്വീഡന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവരാണ് ലോകകപ്പില്‍ പ്രധാന ടീമുകള്‍. ജര്‍മനി രണ്ടു തവണയും നോര്‍വേയും ജപ്പാനും ഓരോ തവണയും ലോകകപ്പ് കിരീടമണിഞ്ഞു.

എന്നാല്‍ പുരുഷ ഫുട്‌ബോളില്‍ മികച്ചു നില്‍ക്കുന്ന അര്‍ജന്റീനയ്ക്കും ബ്രസീലിനും വനിതാ ഫുട്‌ബോളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്രസീല്‍ 2007ല്‍ രണ്ടാം സ്ഥാനത്തും 1999ല്‍ മൂന്നാമതുമെത്തിയിട്ടുണ്ട്. ബ്രസീലിന്റെ സൂപ്പര്‍താരം മാര്‍ത്ത ഇക്കുറിയും ലോകകപ്പ് കളിക്കും. ആറാം തവണയാണ് മാര്‍ത്ത ലോകകപ്പിന് ബ്രസീലിന്റെ ജേഴ്‌സിയണിയുന്നത്. 37കാരിയായ താരം ഇത്തവണ കൂടിയെ ലോകകപ്പ് കളിക്കൂ എന്ന് അറിയിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ യു.എസിന്റെ മേഗന്‍ റാപിനോയും അലെക്‌സ് മോര്‍ഗനും ആണ് മറ്റ് സൂപ്പര്‍ തരങ്ങള്‍. അമേരിക്കയ്‌ക്കൊപ്പം 2015ലും 2019ലും 38 കാരിയായ മേഗന്‍ കിരീടംകിരീടം ചൂടിയിട്ടുണ്ട്. 34 കാരിയായ മോഗര്‍ഗന്റെ നാലാമത്തെ ലോകകപ്പാണിത്.

ലോകകപ്പിലെ ടീമുകള്‍

ഏഷ്യ (6):
ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണകൊറിയ, വിയറ്റ്‌നാം

ആഫ്രിക്ക (4):
മൊറോക്കോ, നൈജീരിയ, ദക്ഷിണാഫ്രിക്ക, സാംബിയ

വടക്കേ അമേരിക്ക (6):
കാനഡ, കോസ്റ്ററീക്ക, ഹെയ്തി, ജമൈക്ക, പാനമ, യു.എസ്.

ലാറ്റിനമേരിക്ക (3):

അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ

ഓഷ്യാനിയ (1):

ന്യൂസീലന്‍ഡ്

യൂറോപ്പ് (12):

ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക