16
Feb 2026
Mon
16 Feb 2026 Mon

നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി, പൊലീസ് തൊണ്ടിമുതല്‍ കണ്ടെത്താതിരിക്കാന്‍ ക്‌ളോസറ്റില്‍ ഒഴുക്കിക്കളഞ്ഞതായി വിവരം. കഴിഞ്ഞ അഞ്ചുദിവസമായി പൊലീസ് കാവലില്‍ ഇരിക്കുന്നതിനിടെയാണ് യുവതിയുടെ തന്ത്രം.
മുക്കട്ട പാലേമാട് കല്ലന്‍കുന്നന്‍ സമീന (35)യാണ് പ്രതി. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിയെ ലാളിച്ചതിന് പിന്നാലെ 3.5 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല തട്ടിയെടുത്ത സമീന, പിടിക്കപ്പെടുമെന്നായപ്പോള്‍ മാല വിഴുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഭവം കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്. മാല വീണ്ടെടുക്കുന്നതിനായി സമീനയെ പൊലീസ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ സ്വര്‍ണമാലയ്ക്ക് പുറമെ സ്വര്‍ണക്കമ്മലും കണ്ടെത്തി. ഇത് സമീനയുടെ കമ്മല്‍ തന്നെയാണെന്നാണു സംശയം. കുട്ടിയുടെ മാലയല്ല, സ്വന്തം സ്വര്‍ണമാണു വിഴുങ്ങിയതെന്ന് തെളിയിക്കാന്‍ തന്നെയാണ് കമ്മല്‍ കൂടി വിഴുങ്ങിയതെന്നാണ് പൊലീസ് നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി ടോയ്‌ലറ്റില്‍ പോയപ്പോള്‍ മാല പുറത്തുവന്നതായാണ് വിവരം. തുടര്‍ന്ന് വിസര്‍ജ്യം പൊലീസുകാരുടെ നേരെ എറിയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മാല ക്‌ളോസറ്റില്‍ ഒഴുക്കിക്കളഞ്ഞുവെന്നാണ് ആരോപണം. പൊലീസ് സമീനയ്ക്ക് ഡയപ്പറും നല്‍കിയിരുന്നതായും വിവരമുണ്ട്.

കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെ സമീനയെ മഞ്ചേരി സബ് ജയില്‍ലേക്ക് മാറ്റി.
സംഭവത്തില്‍ തൊണ്ടിമുതല്‍ നശിപ്പിച്ചതിനും, പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഉള്‍പ്പെടെ അധിക കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.