ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ നിതീഷ് റാണയുടെ ഭാര്യയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. റാണയുടെ ഭാര്യ സാച്ചി മര്‍വ കാറില്‍ സഞ്ചരിക്കവെ രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്തുടരുകയും കാറിലിടിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരിൽ ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
|
വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് ഡല്‍ഹിയിലെ കിര്‍തി നഗറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രണ്ട് യുവാക്കള്‍ സാച്ചിയുടെ പിന്നാലെ കൂടിയത്. ഇവര്‍ സാച്ചി സഞ്ചരിച്ച കാറില്‍ ഇടിക്കുകയും ചെയ്തു. ഈ സംഭവം സാച്ചി ഫോണില്‍ പകര്‍ത്തി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. ഇതിനിടെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
എന്നാല്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ നടപടി സ്വീകരിക്കാനോ പൊലീസ് ആദ്യം തയാറായില്ലെന്ന് സാച്ചി ആരോപിച്ചു. സുരക്ഷിതമായി വീട്ടിലെത്തിയതിനാൽ സംഭവം വിട്ടുകളഞ്ഞേക്കൂ എന്നായിരുന്നു പൊലീസ് പറഞ്ഞത്. അടുത്ത തവണ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടെന്ന് സാച്ചി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി.





