പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിന് വനിതാ യുട്യൂബര്‍ അടക്കം ഏഴുപേര്‍ ഹരിയാനയില്‍ അറസ്റ്റിലായി. ട്രാവല്‍ വിത് ജോ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തിവന്നിരുന്ന ജ്യോതി മല്‍ഹോത്ര എന്ന ജ്യോതി റാണി, സെക്യൂരിറ്റി ഗാര്‍ഡായ നുഅ്മാന് ഇലാഹി(24), വിദ്യാര്‍ഥിയായ ദേവേന്ദ്ര സിങ് ധില്യന്(25) തുടങ്ങിയവരാണ് അറസ്റ്റിലായവര്‍.
|
ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. പാകിസ്താന് ഹൈക്കമ്മീഷണനിലെ ഇഹ് സാനുര്‍ റഹീം എന്ന ഡാനിഷുമായി ബന്ധം സ്ഥാപിച്ചാണ് 33കാരിയായ ജ്യോതി മല്‍ഹോത്ര സൈനികരഹസ്യം ചോര്‍ത്തി നല്‍കിയിരുന്നത്. യുവതി രണ്ടുതവണ പാകിസ്താന് സന്ദര്‍ശിക്കുകയും ചെയ്തു.
പാകിസ്താനില്‍ പോവുന്നതിനായി വിസ കിട്ടാന്‍ 2023ല്‍ ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ പോയപ്പോഴാണ് ഡാനിഷുമായി പരിചയപ്പെടുന്നതെന്ന് ജ്യോതി പറഞ്ഞു. പാകിസ്താനില്‍ എത്തിയപ്പോള്‍ ഡാനിഷിന്റെ സുഹൃത്ത് അലി അഹ് വാനാണ് താമസവും യാത്രയുമൊക്കെ ഏര്‍പ്പെടുത്തി നല്‍കിയത്.
ഇവിടെ വച്ച് അലി അഹ് വാന്‍, ജ്യോതി മല്‍ഹോത്രയ്ക്ക് പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ ഷാകിറിനെയും റാണാ ഷഹബാസിനെയും പരിചയപ്പെടുത്തി നല്കി. ഇന്ത്യയിലെത്തിയ ശേഷം യുവതി ഇവരുമായി വാട്സ്ആപ്പിലും സ്നാപ് ചാറ്റിലും ടെലഗ്രാമിലും ആശയവിനിമയം തുടരുകയും സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.





