15
Oct 2026
Thu
15 Oct 2026 Thu

മുംബൈയിൽ 10 വയസ്സുകാരി 18 മാസം പ്രായമുള്ള കുഞ്ഞിനെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു. മുംബൈയിലെ ഗോരേഗാവിൽ ആണ് സംഭവം. താമസിക്കുന്ന കെട്ടിടത്തിലെ 10 വയസ്സുകാരിയാണ് കുഞ്ഞിനെ താഴേക്കെറിഞ്ഞതെന്നാണ് ആരോപണം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെയും കുട്ടിയുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ശിവ്ഷാഹി കെട്ടിടത്തിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ എടുത്ത് താഴേക്ക് എറിയുന്നതായി സംശയിക്കുന്ന പെൺകുട്ടി പിന്നീട് സ്ഥലത്തുനിന്ന് ഓടിപ്പോകുന്നതും അതേ നിലയിലെ ഇടനാഴിയിലൂടെ സൈക്കിളിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്.

കുഞ്ഞിന്റെ കുടുംബം ഒക്ടോബർ ഒന്നിനാണ് കെട്ടിടത്തിൽ താമസിക്കാനെത്തിയത്. ഇരുകുടുംബങ്ങളും തമ്മിൽ പൂച്ചയെച്ചൊല്ലി നേരത്തെ തർക്കങ്ങളുണ്ടായിരുന്നുവെന്ന് കുഞ്ഞിന്റെ കുടുംബം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ തർക്കത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും കുഞ്ഞിന്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവം മറച്ചുവയ്ക്കാൻ പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറകൾ ഓഫ് ചെയ്തുവെന്നും കുഞ്ഞിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്.

ദിൻദോഷി പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണ റിപ്പോർട്ട് (ADR) രജിസ്റ്റർ ചെയ്ത് വിവിധ കോണുകളിൽ അന്വേഷണം നടത്തുകയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

ALSO READ:ഡൽഹിയിൽ ഒക്ടോബർ 16-ന് പ്രതിഷേധത്തിന് അനുമതി; കോക്രോച്ച് ജനതാ പാർട്ടിയെ തടയില്ലെന്ന് ഹൈക്കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക