26
Nov 2026
Thu
26 Nov 2026 Thu
Mumbai Vasai Naigaon East Navkar Tower 11th Floor Fall Child Death

മുംബൈ: കളിക്കുന്നതിനിടെ ഫ്‌ലാറ്റിന്റെ 11-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. മുംബൈയ്ക്ക് സമീപം വസായ്-വിരാര്‍ മേഖലയിലെ നായ്ഗാവ് ഈസ്റ്റിലുള്ള നവ്കാര്‍ ടവര്‍ അപ്പാര്‍ട്ട്മെന്റിലാണ് നാടിനെ നടുക്കിയ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതിനൊന്നാം നിലയിലെ ഇടനാഴിയില്‍ അയല്‍പക്കത്തെ കുട്ടിയോടൊപ്പം കളിക്കുകയായിരുന്നു മിലിത്. കളിക്കുന്നതിനിടെ ഇടനാഴിയില്‍ വെച്ചിരുന്ന ഷൂ റാക്കിന് മുകളിലേക്ക് കയറിയ കുട്ടി, തൊട്ടടുത്തുള്ള തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തില്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പിന്നാലെ പരിഭ്രാന്തരായി ഓടിയെത്തുന്ന കുടുംബാംഗങ്ങളെയും അയല്‍വാസികളെയും ദൃശ്യങ്ങളില്‍ കാണാം.

അമ്മ മരിച്ച് 15 ദിവസത്തിനുള്ളില്‍ മറ്റൊരു ദുരന്തം

കുടുംബത്തെ ഒന്നടങ്കം തളര്‍ത്തിക്കൊണ്ടാണ് ഈ ദുരന്തം കടന്നുവന്നത്. കുഞ്ഞിന്റെ അമ്മ മരിച്ചിട്ട് കേവലം 15 ദിവസമേ ആയിരുന്നുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തുടര്‍പഠനത്തിനായി മഹാബലേശ്വറിലെ ഹോസ്റ്റലിലേക്ക് മകനെ അയക്കാന്‍ പിതാവ് ദിനേശ് കുമാര്‍ തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാവിലെ യാത്ര തിരിക്കുന്നതിനായി ബാഗ് പായ്ക്ക് ചെയ്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ അപ്രതീക്ഷിത അപകടമുണ്ടായത്.

ഫയര്‍ പൈപ്പിലേക്ക് വീണു; ആശുപത്രിയില്‍ വച്ച് മരണം

അയല്‍പക്കത്തെ കുട്ടിയുടെ അമ്മയാണ് കുട്ടി ജനലിലൂടെ താഴെ വീണ വിവരം പിതാവിനെ അറിയിച്ചത്. താഴെയുണ്ടായിരുന്ന ഫയര്‍ ബ്രിഗേഡ് പൈപ്പിലേക്ക് പതിച്ച കുട്ടിയെ ഗുരുതര പരുക്കുകളോടെ വസായിലെ കാര്‍ഡിനല്‍ ഗ്രേഷ്യസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ തീവ്രപരിചരണം നല്‍കിയെങ്കിലും രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങി.

ബില്‍ഡര്‍ക്കെതിരെ രൂക്ഷ പ്രതിഷേധം; ഉയരമുള്ള ഫ്‌ലാറ്റുകളില്‍ സുരക്ഷാ വീഴ്ച

സംഭവത്തില്‍ നായ്ഗാവ് പൊലീസ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ നിര്‍മ്മാണക്കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെ അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

2025 ജൂലൈ 22-ന് നവ്കാര്‍ സിറ്റി ഫേസ്-1-ന്റെ 12-ാം നിലയില്‍ നിന്ന് വീണ് നാലുവയസ്സുകാരി മരിച്ചിരുന്നു. അന്ന് തന്നെ ഇടനാഴിയിലെ ജനലുകളില്‍ സുരക്ഷാ ഗ്രില്ലുകള്‍ സ്ഥാപിക്കണമെന്ന് താമസക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബില്‍ഡര്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

വന്‍കിട നഗരങ്ങളിലെ ഉയരമുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ തുറന്ന ഇടനാഴികളും ജനലുകളും കുട്ടികള്‍ക്ക് വലിയ അപകടഭീഷണിയാണെന്നും കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കണമെന്നും താമസക്കാര്‍ ആവശ്യപ്പെടുന്നു.

Tags: Mumbai Building Fall News, Naigaon East Navkar Tower, Vasai Child Death News, High Rise Child Safety, BNSS Section 194, National News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക