25
Nov 2026
Wed
25 Nov 2026 Wed
West Bengal Cooch Behar Infant Denied Birth Certificate Father Name Deleted SIR Voter List

കൊല്‍ക്കത്ത / കൂച്ച് ബിഹാര്‍: പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനിടെ (Special Intensive Revision – SIR) പിതാവിന്റെ പേര് നീക്കം ചെയ്യപ്പെട്ടതിന്റെ പേരില്‍ രണ്ടര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. കൂച്ച് ബിഹാര്‍ ജില്ലയിലെ ഖതമാരി ഗ്രാമവാസികളായ അബ്ദുള്‍ ഹബീബ്, ഭാര്യ അമീന ഖാത്തൂന്‍ എന്നിവരുടെ മകള്‍ക്കാണ് ജനന രജിസ്‌ട്രേഷന്‍ രേഖ നിഷേധിക്കപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെപ്റ്റംബര്‍ ഒമ്പതിന് ദിന്‍ഹട്ട സബ് ഡിവിഷണല്‍ ആശുപത്രിയിലാണ് അമീന ഖാത്തൂന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ജനന സര്‍ട്ടിഫിക്കറ്റിനായി ആശുപത്രിയെയും പഞ്ചായത്ത് ഓഫീസിനെയും സമീപിച്ചപ്പോള്‍, പഞ്ചായത്ത് പ്രധാന്റെയോ സ്ഥലം എംഎല്‍എയുടെയോ താമസസ്ഥല സാക്ഷ്യപത്രം (Residential Verification) ഹാജരാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

‘മുത്തച്ഛന്‍ പണിത വീട്ടിലാണ് ജനിച്ചുവളര്‍ന്നത്, എന്നിട്ടും ബംഗ്ലാദേശിയെന്ന് വിളിച്ചു’

താമസസ്ഥല സാക്ഷ്യപത്രത്തിനായി ദിന്‍ഹട്ട മണ്ഡലം എംഎല്‍എ അജോയ് റോയിയുടെ ഓഫീസിനെ സമീപിച്ചപ്പോഴാണ് അബ്ദുള്‍ ഹബീബിന് കടുത്ത വിവേചനം നേരിടേണ്ടി വന്നത്. SIR പ്രക്രിയയിലൂടെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നായിരുന്നു എംഎല്‍എ ഓഫീസില്‍ നിന്നുള്ള മറുപടി.

‘ഞാന്‍ ഒരു ബംഗ്ലാദേശി പൗരനാണെന്നും അതിനാല്‍ ആദ്യം ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC) വഴി രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് എംഎല്‍എ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഞാന്‍ എന്തിന് അത് ചെയ്യണം? ജനിച്ചതുമുതല്‍ ഞാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഖതമാരിയിലെ എന്റെ വീട് എന്റെ മുത്തച്ഛന്‍ നിര്‍മ്മിച്ചതാണ്. എല്ലാ രേഖകളും ഞാന്‍ കാണിച്ചു കൊടുത്തിട്ടും അവര്‍ അത് നിരസിച്ചു’ അബ്ദുള്‍ ഹബീബ് വേദനയോടെ പറയുന്നു.

ഇതേ ആവശ്യവുമായി സാഹിബ്ഗഞ്ച് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ (BDO) സമീപിച്ചപ്പോഴും വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന ഒറ്റക്കാരണത്താല്‍ അപേക്ഷ നിരസിക്കുകയായിരുന്നുവെന്ന് ഹബീബ് വ്യക്തമാക്കി.

മാതാപിതാക്കളും ഭാര്യയും പട്ടികയിലുണ്ട്; ഹബീബിന്റെ പേര് വെട്ടിയത് ‘ലോജിക്കല്‍ ഡിസ്‌ക്രിപന്‍സി’ പറഞ്ഞ്!

അബ്ദുള്‍ ഹബീബിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാരുടെയും പേരുകള്‍ SIR പരിശോധനയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മറ്റു ആറുപേര്‍ കൂടി ഹബീബിന്റെ പിതാവിനെ തങ്ങളുടെ പിതാവായി അവകാശപ്പെട്ടിട്ടുണ്ടെന്ന ‘ലോജിക്കല്‍ ഡിസ്‌ക്രിപന്‍സി’ (Logical Discrepancy) ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരെ ഹിയറിംഗിന് വിളിപ്പിച്ചതും പേര് ഒഴിവാക്കിയതും.

അതേസമയം, ഹബീബിന്റെ മാതാപിതാക്കള്‍, ഭാര്യ അമീന ഖാത്തൂന്‍, മൂത്ത സഹോദരി എന്നിവരുടെ പേരുകള്‍ ഇപ്പോഴും വോട്ടര്‍ പട്ടികയിലുണ്ട്. തന്റെ പേര് തിരികെ ചേര്‍ക്കുന്നതിനായി ഹബീബ് അപ്പീല്‍ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ടെങ്കിലും അപേക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

‘കുഞ്ഞിന്റെ മൗലികാവകാശം നിഷേധിക്കരുത്’ എപിസിആര്‍;

നവജാത ശിശുവിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച ഭരണകൂട നടപടിക്കെതിരെ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (APCR) ശക്തമായി രംഗത്തെത്തി:

ജനന രജിസ്‌ട്രേഷന്‍ ഒരു നിയമപരമായ ബാധ്യതയാണെന്നും, ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ ഉടമ്പടിയുടെ (UNCRC) ആര്‍ട്ടിക്കിള്‍ 7 പ്രകാരം ജനിച്ചയുടന്‍ രജിസ്‌ട്രേഷനും നിയമപരമായ വ്യക്തിത്വവും നേടാന്‍ ഓരോ കുഞ്ഞിനും അവകാശമുണ്ടെന്നും എപിസിആര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മാതാപിതാക്കളുടെ വോട്ടര്‍ പട്ടികയിലെ സാങ്കേതിക തര്‍ക്കങ്ങളുടെ പേരില്‍ കുഞ്ഞിന്റെ അടിസ്ഥാന അവകാശം നിഷേധിക്കരുതെന്നും ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.

91 ലക്ഷം പേരെ ഒഴിവാക്കിയ SIR നടപടിയും കോടതി ഇടപെടലുകളും

പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന SIR നടപടികളിലൂടെ ഏകദേശം 91 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇതിന് പിന്നാലെ റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. നേരത്തെ ജൂണില്‍ കൂച്ച് ബിഹാര്‍ സ്വദേശിനി ഉമ്മു സല്‍മയ്ക്ക് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കാന്‍ നീക്കമുണ്ടായപ്പോള്‍ കൊല്‍ക്കത്ത ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനിടെ, SIR വഴി ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ അപ്പീലുകള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ട്രിബ്യൂണലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്

Tags: West Bengal SIR Voter List, Cooch Behar Birth Certificate Denied, Abdul Habib Amina Khatun, ECI Voter Roll Deletion Bengal, APCR Child Rights, Supreme Court West Bengal SIR, National News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക