സ്വകാര്യ വസതിയില്‍ അനുമതിയില്ലാതെ നമസ്‌കാരം നിര്‍വ്വഹിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ 12 മുസ്ലിംകളെ പോലീസ് അറസ്റ്റ് ചെയ്ത് പിഴ ചുമത്തി. സമാധാന ലംഘനവുമായി ബന്ധപ്പെട്ട നിയമവകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് പിടിഐ (PTI) റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.
|
മുഹമ്മദ്ഗഞ്ച് ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ വീട് താല്‍ക്കാലിക മദ്രസയായി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് സൗത്ത് പോലീസ്‌സൂപ്രണ്ട് അന്‍ഷിക വര്‍മ്മ പറഞ്ഞു. ‘അനുമതിയില്ലാതെ പുതിയ മതപരമായ പ്രവര്‍ത്തനങ്ങളോ കൂട്ടായ്മകളോ നടത്തുന്നത് നിയമലംഘനമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
വീടിനുള്ളില്‍ നമസ്‌കാരം നിര്‍വ്വഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തീവ്ര ഹിന്ദുത്വ പ്രൊഫൈലുകള്‍ ഈ വീഡിയോ വിദ്വേഷപരാമര്‍ശങ്ങളോടെ പങ്കുവെച്ചിരുന്നു.
ഹനീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീടെന്നും വെള്ളിയാഴ്ച നമസ്‌കാരത്തിനായി ഇത് താല്‍ക്കാലികമായി ഉപയോഗിക്കുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അവിടെ സ്ഥിരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ സ്ഥാപനപരമായ മതപരമായ പ്രവര്‍ത്തനങ്ങളോ നടക്കുന്നതായി സൂചനയില്ലെന്നും പോലീസ് വ്യക്തമാക്കി.
പള്ളികളുടെ അഭാവമോ ആവശ്യത്തിന് സ്ഥലമില്ലാത്തതോ കാരണം സ്വകാര്യ വീടുകളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണമാണ്. ഈ സാഹചര്യത്തില്‍, മുസ്ലിം മത ചടങ്ങുകള്‍ക്ക് മേല്‍ പോലീസ് നടത്തുന്ന ഇത്തരം നടപടികള്‍ വലിയ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.





