ബംഗളുരുവില്‍ വിവാഹ വിരുന്നില്‍ നല്‍കിയ ലിക്വിഡ് നൈട്രജന്‍ പാന്‍ കഴിച്ച 12കാരിയുടെ വയറില്‍ ദ്വാരം വീണു. കുട്ടിയെ ഉടന്‍ തന്നെ ബംഗളുരു എച്ച്എസ്ആര്‍ ലേ ഔട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കഴിഞ്ഞദിവസമാണ് സംഭവം.(12 year-old girl develops hole in stomach after eating nitrogen paan)
|
നൈട്രജന്‍ വന്‍തോതില്‍ വയറ്റില്‍ ചെന്നതോടെ കുട്ടിയുടെ വയറിനുള്ളില്‍ വലിയ തുള വീഴുകയായിരുന്നു. തകരാറിലായ ഭാഗം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പെണ്‍കുട്ടി രണ്ടുദിവസം തീവ്രപരിചരണ വിഭാഗത്തിലും ആറുദിവസം പുറത്തും ചികില്‍സയില്‍ കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങിയെന്ന് ആശുപത്രിയിലെ സര്‍ജന്‍ ഡോ. വിജയ് എച്ച് എസ് പറഞ്ഞു.
മാര്‍ക്കറ്റിലും അല്ലാതെയുമൊക്കെ പുക ഉയരുന്ന ബിസ്‌കറ്റും പാനും ഒക്കെ വില്‍ക്കുന്നതും ഇതു കഴിക്കാനെത്തുന്നവരുടെയുമൊക്കെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അനാരോഗ്യകരവും ജീവന്‍ തന്നെ അപകടത്തിലാക്കുന്നതുമായ ഇത്തരം വില്‍പ്പനകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും നേരത്തേ തന്നെ നിരോധിച്ചിരുന്നു.





