30
Jul 2023
Sat
30 Jul 2023 Sat

തൃശൂര്‍: തൃശൂര്‍ റയില്‍വെ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗങ്ങളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ 16 കാരിയെയും കാമുകനെയും കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 12 കിലോമീറ്ററകലെ ആമ്പല്ലൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് ആണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് എത്തി ഇരുപതുകാരനായ കാമുകനെയും പതിനാറുകാരിയായ കാമുകിയെയും പുതുക്കാട് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഭവങ്ങളുണ്ടാക്കിയത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്നു മനസ്സിലാക്കി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയതിനു പിന്നാലെ യുവാവ് ബീയര്‍ കുപ്പി പൊട്ടിച്ചു ചില്ലുയര്‍ത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനിലെ വനിതാ ജീവനക്കാരുടെ കഴുത്തിനു നേര്‍ക്കു ചില്ലുകഷണം വീശി. എല്ലാവരും പകച്ചുനില്‍ക്കെ ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുടെ പേരില്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പിന്നാലെ പെണ്‍കുട്ടിക്കൊപ്പം റെയില്‍ വേ സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയ്‌നിലേക്ക് യുവാവ് ചാടിക്കയറിയെങ്കിലും യാത്രക്കാര്‍ അപായ ചങ്ങല വലിച്ചതോടെ ട്രെയിന്‍ നിന്നു. പിന്നീട് ചുമട്ടുതൊഴിലാളികളും പൊലീസും തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. കുപ്പിച്ചില്ല് കൊണ്ട് ചൈല്‍ഡ് ലൈന്‍ അംഗത്തിന് വിരലിന് പരുക്കേറ്റു.