26
Nov 2026
Thu
26 Nov 2026 Thu

കോഴിക്കോട്: സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ആരംഭിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ പിലാത്തറ റംല മഹലിൽ സി.കെ. സുഹൈൽ (32) ആണ് പിടിയിലായത്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനിയുടെ നഗ്നവിഡിയോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ത്രീകളുടെ പേരിലും ചിത്രങ്ങളിലുമാണ് പ്രതി സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ചിരുന്നത്. തുടർന്ന് പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും. വിശ്വാസം നേടിയെടുക്കുന്നതിനായി മറ്റ് സ്ത്രീകളുടെ നഗ്നവിഡിയോകൾ സ്വന്തം ദൃശ്യങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയച്ചുനൽകുകയും ചെയ്യും.

ഇത്തരത്തിൽ പെൺകുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് അവരുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കിയിരുന്നത്. പിന്നീട് ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

വിദേശ വിപിഎൻ ഉപയോഗിച്ചാണ് പ്രതി കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനായി കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു.

നല്ലളം സർക്കിൾ ഇൻസ്പെക്ടർ ആർ.സി. ബിജു, സബ് ഇൻസ്പെക്ടർ എ. നിതിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. ശന്തനു, അഭിലാഷ്, ധനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ ഒൻപത് വരെ റിമാൻഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക