24
May 2024
Tue
24 May 2024 Tue

കൊല്ലം: ചടയമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് ബലാത്സംഗംചെയ്ത യുവാവ് അറസ്റ്റില്‍. പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരനാണ് അറസ്റ്റിലായത്. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയാണ് ശ്രീരാജ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. പിന്നാലെ ശ്രീരാജിന്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെ ശ്രീരാജ് സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്താവുന്നത്. അന്വേഷണത്തില്‍ യുവാവിനെ ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കടന്നൂരിലുള്ള കുന്നിന്‍ മുകളില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

പോക്‌സോ ഉള്‍പ്പടെ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.