02
Feb 2026
Sun
02 Feb 2026 Sun
27 year old man sentenced for life term and 1 lakh fine over murder case

മോഷണത്തിനിടെ വീട്ടമ്മയെ കഴുത്തുഞെരിച്ചുകൊന്ന 27കാരന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ആലപ്പുഴ താമരക്കുളം കണ്ണനാകുഴി മാങ്കൂട്ടത്തില്‍ വടക്കതില്‍ തുളസിയെ (48) കൊലപ്പെടുത്തിയ കേസിലാണ് കറ്റാനം വെട്ടിക്കോട് മോളയ്യത്തു പുത്തന്‍ വീട്ടില്‍ ജെറിന്‍ രാജുവിനെയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. കൂടാതെ ഐപിസി 392 പ്രകാരം 10 വര്‍ഷം കഠിനതടവ്, 10,000 രൂപ പിഴ, ഐപിസി 201 പ്രകാരം ഏഴ് വര്‍ഷം കഠിനതടവ്, 5,000 രൂപ പിഴ, ഐപിസി 461 പ്രകാരം രണ്ട് വര്‍ഷം കഠിനതടവ്, 2,000 രൂപ പിഴ എന്നിങ്ങനെയാണ് മറ്റു ശിക്ഷകള്‍. കാലാവധി നിശ്ചയിച്ചിട്ടുള്ള ശിക്ഷകള്‍ ഒരേ സമയം അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കൊല്ലപ്പെട്ട തുളസിയുടെ ഭര്‍ത്താവിനും മക്കള്‍ക്കും തുല്യമായി നല്‍കണം.

2018 സെപ്തംബര്‍ 22നായിരുന്നു ജെറിന്‍ രാജു തുളസിയെ കൊലപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മക്കള്‍ക്കും ഭര്‍ത്താവിനൊപ്പമാണ് തുളസി താമസിച്ചിരുന്നത്. വീട്ടില്‍ മോഷ്ടിക്കാനെത്തിയ പ്രതി അലമാരയിലെ ലോക്കറിന് സമീപം സൂക്ഷിച്ചിരുന്ന 10800 രൂപ മോഷ്ടിച്ചു.

ഈ സമയം മുറിയിലേക്ക് വന്ന തുളസി പ്രതിയെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രതി തുളസിയെ ആക്രമിക്കുകയും അബോധാവസ്ഥയിലായ ഇവരുടെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. വള്ളികുന്നം എസ്‌ഐ ആയിരുന്ന എം സി അഭിലാഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐ ഡോ. അനീഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി സന്തോഷ് കുമാര്‍ ഹാജരായി.

ALSO READ: കോഴിക്കോട്ട് കാര്‍ മരത്തിലിടിച്ചുകയറി അമ്മയും മകളും മരിച്ചു