തിരുവനന്തപുരം: ഹിന്ദുവികാരം ഇളക്കിവിടാന്‍ കാലങ്ങളായി സംഘപരിവാര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു ആയുധമാണ് ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നു എന്നത്. (395 crore given to Devaswom Board in 8 years; The government dismantled the propaganda of Sangh Parivar ) ഹജ്ജ് യാത്രക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ മുസ്ലിംകള്‍ക്ക് പണം അങ്ങോട്ട് കൊടുക്കുമ്പോള്‍ ഹിന്ദുക്കളുടെ പണം പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നു എന്ന ആരോപണമാണ് സംഘപരിവാരം ഉയര്‍ത്തിയത്.
|
എന്നാല്‍, ഈ വാദങ്ങളെല്ലാം ശുദ്ധ നുണയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ 395 കോടി രൂപ സഹായം അങ്ങോട്ട് നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നല്‍കി.
ശബരിമല പ്രക്ഷോഭം നടന്നപ്പോഴും നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളിലും സര്‍ക്കാരിനെതിരെ സംഘ്പരിവാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം ആയുധമാക്കിയിരുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഈ തുക വകമാറ്റുന്നതായിട്ടായിരുന്നു കുപ്രചരണം. എന്നാല്‍ ക്ഷേത്രങ്ങളുടെ പരിപാലനത്തിനും സുഖകരമായ നടത്തിപ്പിനും സര്‍ക്കാര്‍ വിവിധ ദേവസ്വങ്ങള്‍ക്ക് കോടികളുടെ സഹായം നല്‍കിയതിന്റെ കണക്ക് ദേവസ്വം വകുപ്പ് നിയമസഭയെ അറിയിച്ചു.
എട്ട് വര്‍ഷത്തിനിടെ ദേവസ്വം ബോര്‍ഡുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത് 394.99 കോടി രൂപയാണ്. ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് 144 കോടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി, മലബാര്‍ ദേവസ്വം 223 കോടി, കൂടല്‍മാണിക്യം 15 ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്ക്. കൂടാതെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതിക്ക് അനുവദിച്ചത് 77.99 കോടി രൂപയും. ഇതിന് പുറമെ ഓരോ ശബരിമല മണ്ഡലകാലത്തും പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകള്‍ തുക അനുവദിക്കുന്നുമുണ്ട്.
ഇത്തരം ചില കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം നേരത്തേ ചിലര്‍ പുറത്തുകൊണ്ടുവന്നിരുന്നുവെങ്കിലും സംഘപരിവാര്‍ പ്രചാരണം തുടര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തന്നെ കൃത്യമായ കണക്കുകള്‍ നിയസഭയില്‍ വ്യക്തമാക്കിയതോടെ സംഘപരിവാരത്തിന്റെ വായടഞ്ഞിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





