12
Feb 2024
Mon
12 Feb 2024 Mon
bramayugam movie review by nm sidheeq ഭ്രമയുഗം പകര്‍ന്നാട്ടത്തിന്റെ വിഭ്രാമകത

എന്‍ എം സിദ്ദീഖ് എഴുതുന്നു

whatsapp ഭ്രമയുഗം പകര്‍ന്നാട്ടത്തിന്റെ വിഭ്രാമകത
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതിനേഴാം നൂറ്റാണ്ടിലെ തെക്കന്‍ മലബാറില്‍ നടന്നതെന്ന് ഭാവിക്കുന്ന ഒരു മിത്തിക്കല്‍ ഭ്രമാത്മക കഥയുടെ അത്യന്തം പ്രതീകാത്മക ദൃശ്യ പ്രകരണമാണ് കൊടുമണ്‍ പോറ്റിയുടെ കഥയിലൂടെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറയുന്നത്. ജോണ്‍ ഏബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം പൂര്‍ണമായും കറുപ്പിലും വെളുപ്പിലും ചുരുള്‍ നിവരുന്ന ‘ഭ്രമയുഗ’ത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടിയുടെ പോറ്റിയായും ചാത്തനായുമുള്ള പകര്‍ന്നാട്ടം തന്നെയാണ്.

പുരാതനവും ജീര്‍ണവുമായ കൊടുമണ്‍ മനയിലേക്ക് വഴിതെറ്റി അതിഥിയായെത്തുന്ന പാണനിലൂടെ ഇതിവൃത്തം വികസിപ്പിക്കുകയാണ് തിരക്കഥാകാരന്‍. പോറ്റിയുടെ ആതിഥ്യം തന്റെ സമ്പൂര്‍ണ വിധേയത്വമാണാവശ്യപ്പെടുന്നതെന്ന് ഒട്ടും വൈകാതെ പാണനറിയുന്നു. കീഴാളനായ വെപ്പുകാരന്റെ ദേഹത്ത് തുപ്പുന്ന പോറ്റി പാണനെ പഠിപ്പിക്കുന്നത് അധികാരധാര്‍ഷ്ട്യത്തിന് കീഴൊതുങ്ങണമെന്ന ലളിതയുക്തിയാണ്.

കലിയുഗത്തിന്റെ അപഭ്രംശമായ ഭ്രമയുഗം ഹിംസയുടെ ആഘോഷമാകുന്നുവെന്ന് കൊടുമണ്‍ പോറ്റി ഉപക്രമമായി പറയുന്നുണ്ട്. അധികാരപ്രമത്തതയുടെ, ഏകാധിപത്യവാഴ്ചയുടെ, സവര്‍ണപരതയുടെ, ജാതിമേധാവിത്വത്തിന്റെ ഹിംസാത്മകത ചിത്രത്തിലുടനീളം അഴിഞ്ഞാടുകയാണ്. മൂന്ന് മുഖ്യകഥാഗാത്രങ്ങള്‍ മാത്രം മുഴുനേരം സമീപദൃശ്യങ്ങളുടെ ധാരാളിത്തത്തില്‍ നിറയുന്ന സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഉദ്വേഗമുണ്ടാക്കുന്നതില്‍ വിജയിക്കുന്നു.

പകിടകളിയിലെ ഭാഗ്യമെന്ന ഉദ്വേഗ സന്ദിഗ്ദതയെ കൊടുമണ്‍ പോറ്റി ബുദ്ധിയാല്‍ മറികടക്കുന്നു. പകിടയില്‍ പന്തയത്തിന് മുതലില്ലാത്ത പാണന്റെ സമയമാണ് പണയമായി പോറ്റി ചോദിക്കുന്നത്. പിന്മാറുന്ന പാണന്റെ കൈയില്‍ നിന്ന് പകിട വാങ്ങാനായുന്ന കൈ പിന്‍വലിക്കുന്ന പോറ്റി, പലകയില്‍ കരു വീണല്ലോ എന്ന ഒഴികഴിവില്ലായ്മയിലേക്ക് പാണനെ നയിക്കുന്നു. പിന്നെല്ലാ കളികളിലും പോറ്റി തന്നെ ജയിക്കുന്നു.

കൊടുമണ്‍ പോറ്റിയായി പകര്‍ന്നാടുന്നത് ആറു തലമുറയപ്പുറം മുതുമുത്തച്ഛനായ കാരണവര്‍ തപം ചെയ്താവാഹിച്ച ചാത്തനാണെന്നാണ് വെപ്പുകാരനിലൂടെ പാണന്‍ ഗ്രഹിക്കുന്നത്. പോറ്റിയിലൂടെ പരകായപ്രവേശം നടത്തിയ ചാത്തനാണ് അധികാരമൂര്‍ത്തി. മനയിലെ നിലവറയില്‍ കെടാവിളക്കിന്റെ സാന്നിധ്യത്തിലെ നിധിയാണ് ചാത്തന്റെ സമ്പദ്കേന്ദ്രം. ചാത്തനെ വരുതിയിലാക്കാനും നിധിയപഹരിക്കാനും പോറ്റിയ്ക്ക് കീഴാള സ്ത്രീയിലുണ്ടായ വെപ്പുകാരന്‍ നടത്തുന്ന ഉപജാപവും കൂടിയാണ് ‘ഭ്രമയുഗം’.

അര്‍ജുന്‍ അശോകനും, സിദ്ധാര്‍ത്ഥ് ഭരതനും മമ്മൂട്ടിയ്ക്കൊപ്പം മല്‍സരിച്ചാടുന്ന ഭ്രമയുഗം ഏറിയ അളവില്‍ പ്രതീകവല്‍ക്കരണത്തിന്റെ അത്യുക്തികളിലേക്ക് തെന്നിയെന്നതാണ് എടുത്ത് പറയാവുന്ന ന്യൂനത. എങ്കിലുമത് കഥയാവശ്യപ്പെടുന്ന പരിചരണമാണെന്ന ന്യായവുമുണ്ടാവാം. തിരക്കഥാകൃത്ത് സ്വേച്ഛാധികാരമെന്ന ഹിംസയുടെ ഉന്മാദത്തെ വരയുന്നുവെങ്കിലും ബ്രാഹ്‌മണ്യത്തെ, പിതൃപാരമ്പര്യത്തെ, സവര്‍ണ മാടമ്പിത്തത്തെ ഋജുവായി കരുതുന്ന ചില യുക്തികള്‍ ടി.ഡി രാമകൃഷ്ണനെഴുതിയ സംഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ട്.