|
ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിലന്വേഷകരെ വിജ്ഞാനതൊഴിലുകളിലേക്ക് എത്തിക്കുവാനായി ന്യൂനപക്ഷ കമ്മീഷനും കേരള നോളെജ് ഇക്കോണമി മിഷനും നടപ്പിലാക്കുന്ന പദ്ധതി ക്യാമ്പസുകളിലേക്കും. പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് മാനേജര്‍മാര്‍/ മേധാവികളുടെ യോഗം ന്യൂനപക്ഷ കായിക വഖഫ് മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് അനക്‌സ് നവകൈരളി ഹാളില്‍ നടന്നു.
തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) എന്ന പോര്‍ട്ടലില്‍ ന്യൂനപക്ഷ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ ആളുകളെ രജിസ്റ്റര്‍ ചെയ്യിച്ച് കൃത്യമായ നൈപുണ്യ പരിശീലനം നല്‍കി വിജ്ഞാന തൊഴിലുകളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായ തൊഴിലന്വേഷകര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ മിഷന്റെ വിവിധ സേവനങ്ങളും നൈപുണ്യ പരിശീലനവും നല്‍കി തൊഴില്‍ സജ്ജരാക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക തൊഴില്‍ മേളകളിലൂടെ തൊഴില്‍ ഉറപ്പാക്കും. ഉദ്യോഗാര്‍ഥികളുടെ അഭിരുചിയും ആഭിമുഖ്യവും മനസിലാക്കി ആവശ്യാനുസരണം കരിയര്‍ കൗണ്‍സിലിങ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം, വര്‍ക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റര്‍വ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങള്‍ മിഷന്‍ നല്‍കും.
പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സ്ഥാപന പ്രതിനിധികള്‍ അറിയിച്ചു. ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ അദീല അബ്ദുള്ള, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ എ റഷീദ്, നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
vijnana thozhil scheme for the minority section and to the campuses


