21
Mar 2024
Wed
21 Mar 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പത്തു വര്‍ഷത്തിനു ശേഷം കേരളത്തിൽ വീണ്ടും അത്യപൂർവമായ ‘ലൈം രോഗം’ കണ്ടെത്തി. പെരുമ്പാവൂര്‍ കൂവപ്പടിയിലെ 56 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിട്ടുമാറാത്ത കടുത്ത പനിയും തലവേദനയും മുട്ടിനു നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ ഡിസംബര്‍ 6 ന് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോ​ഗമാണെന്നു ഉറപ്പിച്ചത്. ലൈം രോ​ഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോ​ഗ്യം മെച്ചപ്പെടുകയും ഡിസംബർ 26നു ആശുപത്രി വിടുകയും ചെയ്തു.

ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്നു ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോ​ഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അവിടെയും രോ​ഗം സ്ഥിരീകരിച്ചു.

അറിയാം ലൈം രോ​ഗം

ലൈം രോ​ഗം ബൊറേലിയ ബർ​ഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇതു ചില പ്രാണികൾ വഴി പകരുന്നു. ജില്ലയിൽ ആദ്യമായാണ് സ്ഥിരീകരിക്കുന്നതെന്നു ചികിത്സയ്ക്കു നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി.

നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം. കൃത്യസമയത്ത് കണ്ടെത്തിയാൽ ഡോക്സിസൈക്ലിൻ ​ഗുളികകൾ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാർ​ഗത്തിലൂടെ രോ​ഗം ഭേദമാക്കാം.

Lyme disease