23
Nov 2026
Mon
23 Nov 2026 Mon
Facetune Fairness Cream FIR Areekode Police Malappuram

മലപ്പുറം / തിരുവനന്തപുരം: അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് മലപ്പുറം അരീക്കോട് സ്വദേശിനിയായ പെണ്‍കുട്ടിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തില്‍ ക്രീം നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ‘എഫ്ട്യൂണ്‍’ (Ftune) എന്ന ഫെയര്‍നെസ് ക്രീമിന്റെ നിര്‍മ്മാതാക്കളെ പ്രതിചേര്‍ത്താണ് അരീക്കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. ജീവന് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ഉല്‍പ്പന്നം വിപണിയിലെത്തിച്ചെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് മണിക്കൂര്‍ മൊഴിയെടുത്തു; ഉപഭോക്തൃ കോടതിയിലേക്കും നീങ്ങാന്‍ പെണ്‍കുട്ടി

ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി അരീക്കോട് പൊലീസ് മൂന്ന് മണിക്കൂറോളം വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

‘ഞാന്‍ അകപ്പെട്ടു, മറ്റുള്ളവരെങ്കിലും രക്ഷപ്പെടണം’

കേസുമായി ഏതറ്റം വരെയും മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ക്രീമിന്റെ സാമ്പിള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
‘താന്‍ എന്തായാലും ഇതില്‍ അകപ്പെട്ടു, ഇപ്പോള്‍ ഉപയോഗിക്കുന്ന മറ്റുള്ളവരെങ്കിലും ഇത് നിര്‍ത്തി രക്ഷപ്പെടണമെന്നാണ് ആഗ്രഹം. തന്റെ ക്ലാസിലെ നിരവധി കുട്ടികള്‍ ഈ ക്രീം ഉപയോഗിക്കുന്നുണ്ട്. മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോഴാണ് രോഗത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്’ പെണ്‍കുട്ടി വ്യക്തമാക്കി. കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടി അറിയിച്ചിട്ടുണ്ട്.

അമിത മെര്‍ക്കുറി സാന്നിധ്യമുള്ള ക്രീം ഉപയോഗിച്ചതിലൂടെ തനിക്കും മെംബ്രനസ് നെഫ്രോപ്പതി (Membranous Nephropathy) എന്ന വൃക്കരോഗം ബാധിച്ചതായും മാസങ്ങളോളം ചികിത്സ തേടേണ്ടി വന്നതായും പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍ വെളിപ്പെടുത്തിയത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനവ്യാപക റെയ്ഡിന് ഉത്തരവ്; വ്‌ലോഗര്‍മാര്‍ക്കും കുരുക്ക് മുറുകുന്നു

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വ്യാജ പ്രോട്ടീന്‍ പൗഡറുകളും വില്‍ക്കുന്നത് തടയാന്‍ എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

സോഷ്യല്‍ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളും പ്രോട്ടീന്‍ പൗഡറുകളും പ്രൊമോട്ട് ചെയ്യുന്ന വ്‌ലോഗര്‍മാര്‍ക്കും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

അംഗീകാരമില്ലാത്ത ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെയും സ്ഥാപനങ്ങളുടെയും ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുകയും ക്രിമിനല്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ഫേസ് ഷീറ്റുകള്‍, ഫെയര്‍നെസ് ഉല്‍പ്പന്നങ്ങള്‍, നിറം വര്‍ദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകള്‍ എന്നിവ പ്രത്യേകമായി പരിശോധിക്കും.

മംഗളൂരു,കാസര്‍കോട് ഓണ്‍ലൈന്‍ ശൃംഖല നിരീക്ഷണത്തില്‍

മംഗളൂരു, കാസര്‍കോട് മേഖല കേന്ദ്രീകരിച്ചും പാകിസ്ഥാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ വഴിയും നിര്‍മ്മാതാവിന്റെ പേരോ നിര്‍മ്മാണ തീയതിയോ കാലാവധിയോ രേഖപ്പെടുത്താത്ത വ്യാജ ക്രീമുകള്‍ കേരളത്തിലേക്ക് ഓണ്‍ലൈനായി വിറ്റഴിക്കുന്നതായാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇവയുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

(മുന്നറിയിപ്പ്: മെര്‍ക്കുറി പോലുള്ള വിഷാംശം അടങ്ങിയ ക്രീമുകള്‍ വൃക്ക, കരള്‍, ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ക്കും സ്‌കിന്‍ കാന്‍സറിനും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.)

Tags: Ftune Cream FIR, Areekode Police Case, Malappuram Girl Kidney Disease, K Muraleedharan Health Minister, Fake Fairness Cream Vloggers Kerala, Saleem Kodathoor, Kerala News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക