16
Mar 2024
Fri
16 Mar 2024 Fri

സാമ്പത്തിക മേഖലയില്‍ കെവൈസി മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഓരോ തവണയും കെവൈസി നല്‍കേണ്ടി വരുന്നു എന്നത് പോരായ്മയാണ്. ഏകീകൃത കെവൈസി വരുന്നതോടെ ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. What is Integrated KYC System

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉപയോക്താക്കളെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോെടെയാണ് കെവൈസി (Know Your Customer -KYC) നിയമങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. സാമ്പത്തിക വിനിമയങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കെവൈസി. ഒരു ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിലോ, മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആരംഭിക്കണമെങ്കിലോ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കണമെങ്കിലോ ഒക്കെ കൈവൈസി മാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് അനിവാര്യമാണ്.ചില സാഹചര്യങ്ങളില്‍ കൈവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു നല്‍കേണ്ടതായി വരുന്നു. ഇവിടെ, നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, പേപ്പര്‍ വര്‍ക്കുകള്‍ മിനിമലാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി & ഡെവലപ്‌മെന്റ് കൗണ്‍സില്‍ (Financial Stability and Development Council – FSDC) ഒരു ഏകീകൃത കെവൈസി സംവിധാനം (Uniform KYC system) നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്.

 

എന്താണ് ഏകീകൃത കെവൈസി? (Uniform KYC)

 

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഏകീകൃത കെവൈസി നടപ്പാക്കണമെന്ന നിര്‍ദേശം അടുത്തിടെ മുന്നോട്ടു വച്ചിരുന്നു. സാമ്പത്തിക മേഖലയില്‍ ഉപയോക്താക്കളുടെ കെവൈസി വിവരങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാവാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി നിരന്തരം കെവൈസി വിവരങ്ങള്‍ നല്‍കേണ്ട ആവശ്യങ്ങള്‍ ഇതോടെ ഇല്ലാതാവും. വെരിഫൈ ചെയ്ത വിവരങ്ങള്‍ പലതരം സാമ്പത്തിക സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കസ്റ്റമര്‍ക്ക് സാധിക്കും.

ഇപ്പോഴത്തെ കെവൈസി നടപടിക്രമങ്ങള്‍ (Current KYC norms)

ഉപയോക്താക്കളുടെ ഐഡന്റിറ്റി, വിലാസം എന്നിവ തിരിച്ചറിയുക എന്നതാണ് കെവൈസിയുടെ അടിസ്ഥാന ഉദ്ദേശം. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് സേവനങ്ങള്‍ എന്നിങ്ങനെ റെഗുലേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ ഇത്തരത്തിലുള്ള ഓരോ ആവശ്യങ്ങള്‍ക്കും, ഓരോ തവണയും ഉപയോക്താക്കള്‍ കെവൈസി വിവരങ്ങള്‍ നല്‍കേണ്ടതായി വരുന്നു. കെവൈസി വിവരങ്ങള്‍ പീരിയോഡിക്കലായി അപ്‌ഡേറ്റ് ചെയ്യേണ്ടതായിട്ടുമുണ്ട്.

കേന്ദ്രീകൃത കെവൈസി സംവിധാനം (Centralized KYC system)

സെന്‍ട്രല്‍ കൈവൈസി റെക്കോര്‍ഡ്‌സ് രജിസ്ട്രി (Central KYC Records Registry -CKYCR), 2016 വര്‍ഷത്തിലാണ് നിലവില്‍ വന്നത്. വിവിധ സാമ്പത്തിക സേവനങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പുള്ള കെവൈസി നടപടിക്രമങ്ങള്‍ സുഗമമാക്കുക എന്നതായിരുന്നു ലക്ഷ്യം. നിലവില്‍ ഇത് ഓഹരി പോലെയുള്ള മൂലധനവിപണികളിലാണ് കൂടുതലായി കാര്യക്ഷമത പ്രകടിപ്പിക്കുന്നത്. ഈ തടസ്സം മാറ്റി സാമ്പത്തിക മേഖലയിലാകെ മാറ്റം കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഏകീകൃത കെവൈസി – നേട്ടങ്ങള്‍ (Benefits of Uniform KYC)

വിവിധ റെഗുലേറ്റഡ് എന്റിറ്റികളുമായി ബന്ധപ്പെട്ട് വിവിധ തരം അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ പലതവണ കെവൈസി നടപടിക്രമങ്ങളിലൂടെ കടന്നു പോവേണ്ടതില്ല എന്നതാണ് വലിയ നേട്ടം. ഒരു തവണ നല്‍കിയ കെവൈസി വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. അധിക സുരക്ഷ, സമയലാഭം എന്നിവയാണ് ഉപയോക്താക്കളെ സംബന്ധിച്ച് ഇത്തരത്തിലുള്ള പ്രധാന നേട്ടങ്ങള്‍. സാമ്പത്തിക സ്ഥാപനങ്ങളെ സംബന്ധിച്ച് കുറഞ്ഞ ചിലവ്, സമയലാഭം എന്നിവ ഗുണങ്ങളാണ്. എന്നാല്‍ സ്വകാര്യത-സുരക്ഷ എന്നിവ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നുമുണ്ട്. ഇവിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിനു മുന്നിലുള്ള മാര്‍ഗം.