ചെന്നൈ: മലയാളി ദമ്പതികളെ ചെന്നൈയില്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ ഇതരസംസ്ഥാന തൊഴിലാളി രാജസ്ഥാന് സ്വദേശി മഹേഷി (22)നെ ചോദ്യംചെയ്തതില്‍നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
|
ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിക്കുന്ന പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന് നായര്‍ (ശിവദാസന്‍ നായര്‍ – 71), എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി (62) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ആണ് മഹേഷ് (22) പിടിയിലായത്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായെന്നു പൊലീസ് പറയുന്നു.
ഞായറാഴ്ച രാത്രി 8 മണിയോടെ ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ശിവന് നായരുടെ മൃതദേഹം കണ്ടത്. ചികിത്സയ്ക്കെന്ന വ്യാജേന വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ പ്രവേശിച്ച മഹേഷ് പ്രസന്നകുമാരിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ശിവന് നായരെയും ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. പ്രസന്നകുമാരിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണാണു പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. ഇയാള്‍ ചികിത്സയ്ക്കായി മുന്‍പും ക്ലിനിക്കില്‍ എത്തിയിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നെന്നും പൊലിസ് കണ്ടെത്തി. സമീപത്തെ കടയില്‍ ജോലി ചെയ്യുമ്പോള്‍, സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം സംബന്ധിച്ചു പരാതിയുണ്ടായിരുന്നു. ചികിത്സ തേടി ക്ലിനിക്കിലെത്തിയിരുന്ന ഇയാളെ അകറ്റി നിര്‍ത്താന്‍ പ്രസന്നകുമാരി ശ്രമിച്ചിരുന്നു. തുടര്‍ന്നു കടയിലെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. ഇതിന്റെ പകയാവാം ആയുധവുമായി വീണ്ടും ക്ലിനിക്കിലെത്തിയതെന്നാണ് പൊലിസ് നല്കുന്ന സൂചന.
വൈകിട്ട് 5.15ന് ഇയാള്‍ വീടിനടുത്ത് എത്തുന്നതിന്റെയും തിരികെ പോകുന്നതിന്റെയും ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ സമയത്തു മകന് ഹരി ഓംശ്രീ വീട്ടിലുണ്ടായിരുന്നതാകാം തിരികെ പോകാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. മകന് പോയെന്ന് ഉറപ്പിച്ച ശേഷം തിരികെയെത്തിയാണു കൊലപാതകം നടത്തിയത്.
സൈന്യത്തില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ശിവന് നായര്‍ വിരമിച്ച ശേഷം ആയുര്‍വേദ ഏജന്‍സി നടത്തിയിരുന്നു. എയര്‍ഫോഴ്സ് മലയാളി അസോസിയേഷന്, എക്സ് സര്‍വീസ്മെന്‍ അസോസിയേഷന്, ആവഡി എന്‍.എസ്.എസ് എന്നിവയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. പാലാ പിഴക് മാനത്തൂര്‍ പഴയകുളത്ത് കുടുംബാംഗമായ ശിവന് നായര്‍ വിമുക്തഭടനാണ്. എരുമേലി പുഷ്പവിലാസത്തില്‍ പ്രസന്നകുമാരി ആര്‍മി സ്കൂളില്‍ അധ്യാപികയായിരുന്നു. 1997 മുതല്‍ ദമ്പതികള്‍ ആവഡിയിലാണു താമസം. ആയുര്‍വേദ ഡോക്ടര്‍മാരായ ശ്രീഗംഗ (ഓസ്ട്രേലിയ), ഹരി ഓംശ്രീ എന്നിവരാണ് മക്കള്‍. മരുമകള്‍ വിദ്യ.
Malayali couple Sivan Nair and Prasanna Kumari attacked and killed in Chennai





