01
May 2024
Thu
01 May 2024 Thu
Air India Express strike

ന്യൂഡല്‍ഹി: രോഗാവധി എഴുതിക്കൊടുത്ത് മിന്നല്‍ പണിമുടക്കിലേര്‍പ്പെട്ട 25 ജീവനക്കാരെ എയര്‍ ഇന്ത്യ എക്‌സപ്രസ് പിരിച്ചുവിട്ടു. അപ്രതീക്ഷിതമായി ജീവനക്കാര്‍ അവധിയെടുത്തതിനെ തുടര്‍ന്ന് ബുധനാഴ്ച്ച 90ലേറെ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ( Air India Express sacks 25 employees a day after mass ‘sick leave’ )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമരത്തിലേര്‍പ്പെട്ട ജീവനക്കാരോട് ഇന്ന് വൈകീട്ട് 4 മണിക്കകം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ വിമാന കമ്പനി അന്ത്യശാസനം നല്‍കിയിട്ടുണ്ട്. എഐഎക്‌സ് കണക്ട്(എയര്‍ ഏഷ്യ ഇന്ത്യ) കമ്പനിയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലയിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് ജീവനക്കാരുടെ പണിമുടക്ക്. തൊഴില്‍ കരാറില്‍ അനീതിയുണ്ടെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്.

അതേ സമയം, ജീവനക്കാരുടെ പെട്ടെന്നുള്ള സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് ഷാര്‍ജ, ദമാം, അബൂദബി, മസകത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം ലഭിച്ചത്. മെയ് 13ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായാണ് വിവരം.

ഇന്നലെ കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മസ്‌കത്ത്, ദമാം വിമാനങ്ങളാണ് ഇന്നലെ സര്‍വീസ് നിര്‍ത്തിവെച്ചത്. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

വൈകിട്ട് നെടുമ്പാശേരിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള സര്‍വീസും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരില്‍നിന്നാണ് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത്. 30 ഓളം വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് മാത്രമാി റദ്ദാക്കിയത്.

മറ്റ് വിമാനത്താവളങ്ങളിലും നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതിനകം 13,000ഓളം യാത്രക്കാരെ സമരം ബാധിച്ചതായാണ് കണക്ക്.

ടിക്കറ്റ് തുക മടക്കി നല്‍കും
വിമാനം റദ്ദാവുകയോ 3 മണിക്കൂറില്‍ കൂടുതല്‍ വൈകുകയോ ചെയ്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമാവും റീഫണ്ട് ചെയ്യുകയോ അധിക തുക നല്‍കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഇതിനായി വാട്‌സാപ്പ് (+91 6360012345 ) വഴിയോ airindiaexpress.com വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.