01
May 2024
Fri
01 May 2024 Fri

ന്യൂഡല്‍ഹി: തൊഴില്‍ നല്‍കുന്ന വിഷയത്തില്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ആണ് ഒന്നാമത്. 15നും 29നും വയസിനിടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 2024 ജനുവരി മാര്‍ച്ച് കാലയളവില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം ആണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ ഏറ്റവും കുറവ് തലസ്ഥാന നഗരം കൂടിയായ ഡല്‍ഹിയിലാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. 3.1 % ആണ് ഡല്‍ഹിയിലെ തൊഴിലില്ലായ്മ നിരക്ക്.

കേരളത്തിന് പുറമെ ജമ്മു കശ്മീര്‍ (28.2 ശതമാനം), തെലങ്കാന (26.1 ശതമാനം), രാജസ്ഥാന്‍ (24 ശതമാനം), ഒഡിഷ (23.3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡല്‍ഹിയാണ്.

22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടാണ് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഈ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനം ആണെന്നാണ് സര്‍വേയില്‍ വിശദീകരിച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ ഇത് 16.5 ശതമാനം ആയിരുന്നു. സര്‍വേയില്‍ കറന്റ് വീക്കിലി സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിലാണ് തൊഴിലില്ലായ്മ നിരക്ക് കണ്ടെത്തിയിരിക്കുന്നത്.

Delhi’s joblessness rate lowest, Kerala’s highest in Q4