27
May 2024
Tue
27 May 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കട്ടപ്പന: കാറിന് പിന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കട്ടപ്പനയില്‍ യുവാവിനെ കാറിടിച്ചുവീഴ്ത്തി വാഹനം ദേഹത്തുകൂടി കയറ്റിയിറക്കി. ഗുരുതരമായി പരിക്കേറ്റ കട്ടപ്പന സ്വദേശി ക്രിസ്റ്റോ മാത്യുവിനെ (27) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ ഒന്‍പത് വാരിയെല്ലുകള്‍ പൊട്ടി. ശ്വാസകോശത്തിനും ക്ഷതമുണ്ട്.

ഞായറാഴ്ച രാത്രി 11ന് ഇടശേരി ജങ്ഷനിലാണ് സംഭവം. ക്രിസ്റ്റോ മാത്യുവും ഇടശേരി ജങ്ഷനിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളുമായാണ് തര്‍ക്കമുണ്ടായത്. നഗരത്തിലെ ബാറിന്റെ മുന്‍വശത്ത് നിറുത്തിയിട്ട കാറിനു മുമ്പില്‍ ക്രിസ്റ്റോ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. കാര്‍ മുന്നോട്ടെടുക്കാനാകാതെ വന്നതോടെ ഇതേച്ചൊല്ലി കാറിലെത്തിയവരും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായി.
പിന്നീട് ക്രിസ്റ്റോ സെന്‍ട്രല്‍ ജങ്ഷനിലേക്ക് ബൈക്കില്‍ പോയി. കാറില്‍ പിന്നാലെയെത്തിയ സംഘം ക്രിസ്റ്റോയെ ഇടിച്ചുവീഴ്ത്തി. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി കാര്‍ കയറ്റുകയായിരുന്നു. നാട്ടുകാരും ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന യുവാവും ചേര്‍ന്ന് ക്രിസ്റ്റോയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധചികിത്സയ്ക്കായി പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

കട്ടപ്പന പൊലീസിന്റെ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലബ്ബക്കട സ്വദേശി ജസ്റ്റിനെതിരേ കൊലപാതകശ്രമത്തിന് കട്ടപ്പന പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. കൂടുതല്‍ വ്യക്തതയ്ക്കായി പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

 young man was run over by a car in Kattappana

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക