25
May 2024
Fri
25 May 2024 Fri
Kerala Police quizzes Muslim man for photo outside Jewish synagogue on Facebook

കൊച്ചി: എറണാകുളത്തെ ബിസിനസുകാരനായ നിസാമുദ്ദീനെ(നിസാം) തേടി കഴിഞ്ഞ ദിവസം പോലീസ് എത്തിയത് വിചിത്രമായ കാരണത്തിന്. (Kerala Police quizzes Muslim man for photo outside Jewish synagogue on Facebook)മൂന്ന് സുഹൃത്തുക്കളോടൊത്ത് മട്ടാഞ്ചേരി ജൂത പള്ളിയുടെ മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായിരുന്നു കുറ്റം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ്, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നുള്ള ഫോട്ടോയുടെ പേരില്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നിസാമിനെ ചോദ്യം ചെയ്തതെന്ന് മക്തൂബ് മീഡിയ റിപോര്‍ട്ട് ചെയ്തു. 2006ലെ പാനായിക്കുളം സിമി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നിസാമിനെ സംബന്ധിച്ചിടത്തോളം പോലീസിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം അതിക്രമങ്ങള്‍ പുതിയ സംഭവമല്ല.

ഫോട്ടോ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ആലുവ പോലീസ് സ്‌റ്റേഷില്‍ നിന്നുള്ള പോലിസൂകാര്‍ നിസാമിനെ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് എസിയുടെ ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടു. ഫോട്ടോയെക്കുറിച്ചുള്ള സംശയം തീര്‍ക്കാനാണെന്നായിരുന്നു വിശദീകരണം.

സൗദി അറേബ്യയില്‍ ഹോട്ടല്‍ നടത്തുന്ന നിസാം ഫോട്ടോയെക്കുറിച്ച് പറയുന്നത് ഇങ്ങിനെ: ”തമിഴ്‌നാട്ടില്‍ നിന്നുള്ള കാലിക്കച്ചവടം നടത്തുന്ന സുഹൃത്തുക്കളായ ഫാറൂഖും, സ്വാബിറും തന്നെ കാണാന്‍ മെയ് 13ന് കൊച്ചിയില്‍ എത്തിയിരുന്നു. ഞാനും സുഹൃത്ത് ശ്രീകുമാറും ചേര്‍ന്ന് സായാഹ്നം ആസ്വദിക്കുന്നതിന് അവരെയും കൂട്ടി മട്ടാഞ്ചേരിയിലേക്ക് പോയി. പുതുതായി എത്തുന്ന സുഹൃത്തുക്കള്‍ക്ക് പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണിക്കുന്നത് ആരും ചെയ്യുന്ന കാര്യമാണല്ലോ. അതു പോലെ ചരിത്രപ്രസിദ്ധമായ ജൂത പള്ളി കാണാന്‍ അവരെയും കൂട്ടി പോയതായിരുന്നു. എല്ലായ്‌പ്പോഴും ചെയ്യുന്നതു പോലെ സുഹൃത്തുക്കളുമൊത്തുള്ള ഫോട്ടോ എടുത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു”

തൊട്ടു പിന്നാലെ സാധാരണ വേഷത്തില്‍ മൂന്ന് പോലിസുകാര്‍ മുന്നറിയിപ്പൊന്നും കൂടാതെ വീട്ടിലെത്തി. മട്ടാഞ്ചേരി സന്ദര്‍ശനത്തെക്കുറിച്ച് മൊഴിയെടുക്കാന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നില്‍ ഹാജരാകണമെന്നായിരുന്നു ആവശ്യം. മെയ് 28ന് മട്ടാഞ്ചേരി എസി മനോജ് കുമാര്‍ കെ ആര്‍ നാല് മണിക്കൂറോളമാണ് ഇതേക്കുറിച്ച് ചോദ്യം ചെയ്തത്. ശരിക്കും ഒരു സംഘപരിവാര പ്രവര്‍ത്തകനെ പോലെയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യലെന്ന് നിസാം ആരോപിക്കുന്നു.

മട്ടാഞ്ചേരിയില്‍ എന്തിന് പോയെന്നും കൂടെയുള്ള സുഹൃത്തുക്കള്‍ ആരെന്നുമായിരുന്നു അവര്‍ക്ക് ആദ്യം അറിയേണ്ടത്. തുടര്‍ന്ന് ഐഎസിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. ഞാന്‍ ഐഎസിനെ പിന്തുണക്കുന്നില്ലെന്നും അവര്‍ ഇസ്ലാമിന് എതിരാണെന്നും മറുപടി നല്‍കി. സ്വയം നിരീശ്വരവാദിയാണെന്ന് പല തവണ പരിചയപ്പെടുത്തിയ എസി മനോജ് ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. താന്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഗവര്‍ണര്‍ ആരിഫ് ഖാനെ പോലുള്ള മുസ്ലിംകള്‍ക്ക് പരാതി ഇല്ലെന്നും നിങ്ങളെപ്പോലുള്ള കുറച്ച് പേര്‍ക്ക് മാത്രമാണ് പരാതിയെന്നും പ്രതികരിച്ചു. ഖുര്‍ആനെക്കുറിച്ചും മറ്റും ചോദിച്ച എസി മനോജ് ഒരു സംഘപരിവാര പ്രവര്‍ത്തകനെപ്പോലെയാണ് സംസാരിച്ചത്- നിസാം പറയുന്നു.

കേരളത്തില്‍ ചര്‍ച്ചുകളും മസ്ജിദുകളും തകര്‍ക്കുമെന്ന് പറഞ്ഞ ആര്‍എസ്എസുകാര്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എന്ത് കൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് നിസാം ചോദിക്കുന്നു. ഞാനൊരിക്കലും ജൂതന്മാര്‍ക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും എന്ത് കൊണ്ട് എന്നെ മാത്രം. ഇത് തികഞ്ഞ ഇസ്ലാമോഫോബിയ ആണെന്നും നിസാം ചൂണ്ടിക്കാട്ടി.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഇതുവരെ ഒരു കേസില്‍ പോലും ശിക്ഷിക്കപ്പെട്ടില്ലാത്ത നിസാമിനെ ഇതിനകം ഏഴ് തവണയാണ് പല കാരണങ്ങള്‍ പറഞ്ഞ് പോലീസ് പിടികൂടിയത്. ഏറ്റവും അവസാനം പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് കളമശ്ശേരി സ്‌ഫോടനം നടന്നപ്പോഴാണ്. യഹോവ സാക്ഷി അംഗമായ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാളാണ് സ്‌ഫോടനം നടത്തിയതെന്ന് പിന്നീട് വെളിപ്പെട്ടു. സോണിയ ഗാന്ധിക്ക് അജ്ഞാതന്റെ ഭീഷണി ഉണ്ടായപ്പോഴും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് തന്നെയായിരുന്നുവെന്ന് നിസാം പറയുന്നു.

ഇത് യോഗി ആദിത്യ നാഥിന്റെ യുപിയിലോ, ഹിമന്ദ ബിശ്വാസ് ശര്‍മയുടെ അസമിലോ അല്ല നടക്കുന്നത്, മതേതരര്‍ എന്ന് അവകാശപ്പെടുന്ന പിണറായി വിജയന്റെ കേരളത്തിലാണ്. ഒരു മുസ്ലിം മട്ടാഞ്ചേരി കാണാന്‍ പോകുന്നതിലും അവിടെയുള്ള ജൂത പള്ളിയുടെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിലും എന്താണ് തെറ്റ്?- നിസാം ചോദിക്കുന്നു.

അതേസമയം, മട്ടാഞ്ചേരി എസി മനോജ് കെ ആര്‍ സംഭവം സ്ഥിരീകരിച്ചു. മട്ടാഞ്ചേരി ജൂത പള്ളി പോലീസ് സംരക്ഷണമുള്ള സ്ഥലമാണെന്നും അവിടെ നിന്നുള്ള ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതായി വിവരം കിട്ടിയപ്പോള്‍ വെറുതേ ഒന്ന് അന്വേഷിക്കാന്‍ വിളിപ്പിച്ചതാണെന്നും എസി മനോജ് വിശദീകരിച്ചു. എന്നാല്‍, ജൂത പള്ളി സന്ദര്‍ശിച്ച മറ്റ് ആരെയെങ്കിലും ഇതു പോലെ വിളിപ്പിച്ചിട്ടുണ്ടോ എന്നാണ് നിസാമിന്റെ മറുചോദ്യം.

കഴിഞ്ഞ 16 വര്‍ഷമായി താന്‍ പോലീസില്‍ നിന്നുള്ള ഈ പീഢനം സഹിക്കുന്നു. പോലീസിന്റെ തുടര്‍ച്ചയായുള്ള ശല്യം കാരണം 10 തവണയാണ് വീട് മാറിയത്. എന്നെങ്കിലും ഇതിന് ഒരു അന്ത്യമുണ്ടാവുമോ? നിസാം ചോദിക്കുന്നു.