15
Jun 2024
Sat
15 Jun 2024 Sat

സംസ്ഥാനത്തെ രണ്ടായിരത്തോളം സര്‍ക്കാര്‍ എയിഡഡ് ഹൈസ്‌കൂളുകളില്‍ നിലവിലുള്ള ‘ലിറ്റില്‍ കൈറ്റ്‌സ്’ ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 11 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബുകളില്‍ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തില്‍ ജൂണ്‍ 15ന് നടക്കും. സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തില്‍ കുട്ടികള്‍ പ്രഥമാധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍ഗണിതം, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 8,9,10 തീയതികളില്‍ രാവിലെയും വൈകിട്ടും 07.00 മണിക്ക് പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ, കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ക്ലാസുകള്‍ ജൂണ്‍ 11, 12, 13 തീയതികളില്‍ ഇതേ സമയങ്ങളില്‍ പുനഃസംപ്രേഷണം ചെയ്യും.

അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് റോബോട്ടിക്‌സ്, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ, മൊബൈല്‍ആപ്പ് നിര്‍മാണം, പ്രോഗ്രാമിങ്, ഇഗവേണന്‍സ്, ഹാര്‍ഡ്വെയര്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്കും. പുതിയതായി യൂണിറ്റുകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്‌സ് പ്രവര്‍ത്തനങ്ങളും ബ്ലൈന്‍ഡര്‍ സോഫ്‌റ്റ്വെതയര്‍ പ്രയോജനപ്പെടുത്തിയുള്ള 3ഉ ആനിമേഷന്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളായിരിക്കും. സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങള്‍ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റില്‍ കൈറ്റ്‌സ്’ ഐടി ക്ലബില്‍ ഇതുവരെ 4.2 ലക്ഷം കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനം, ഡിജിറ്റല്‍ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്‌സിലെ സ്‌കൂള്‍ വാര്‍ത്തകള്‍, പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്‌റ്റ്വെതയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കല്‍, സ്‌കൂള്‍ ടിവി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ നടത്തിവരുന്നുണ്ട്.

വിശദാംശങ്ങള്‍ www.kite.kerala.gov.inല്‍ ലഭ്യമാണ്.

8th graders can apply till June 11 to become a member of ‘Little Kites’

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO