26
Jun 2024
Sat
26 Jun 2024 Sat

കൊച്ചി: മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് ആദായനികുതി വകുപ്പ് (IT) നോട്ടീസ്. ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കെ ബാവ അടക്കം 16 പേര്‍ക്കാണ് നോട്ടീസ്. ബാങ്കിലെ നിക്ഷേപത്തിന് ആദായ നികുതിയും പിഴയും അടക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. നികുതിയും കുടിശ്ശികയും ഉടന്‍ അടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കഴിഞ്ഞദിവസം ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പരാതികളില്‍ നടപടിയില്ലെന്ന് പറഞ്ഞ് നിക്ഷേപകനായ ഫൈസല്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതി നടപടി.

48 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയത്. 156 വ്യാജ വിലാസങ്ങളിലായാണ് ഈ പണം മുഴുവനും നിക്ഷേപിച്ചത്. ഇത് ഹവാല പണമാണെന്നാണ് ഹരജിക്കാരന്റെ ആരോപണം. യഥാര്‍ഥ നിക്ഷേപകരെ കണ്ടെത്തണമെന്നും ആവശ്യമുണ്ട്. ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാനേജര്‍ പ്രസാദ് നേരത്തെ ഇ.ഡിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലും നടപടിയൊന്നുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

AR Nagar bank fraud: I-T dept serves notice to 16 IUML leaders