22
Jun 2024
Tue
22 Jun 2024 Tue
Brazil vs Costa Rica

കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയിലെ ആദ്യ മല്‍സരത്തില്‍ ബ്രസീലിനെ പ്രതിരോധത്തില്‍ പൂട്ടി കോസ്റ്ററിക്ക. (Copa America 2024: Brazil, Costa Rica play out goalless draw in Group D) ഈസി വാക്കോവര്‍ പ്രതീക്ഷിച്ച മല്‍സരത്തില്‍ കാനറികളുടെ മുന്നേറ്റങ്ങളെല്ലാം പെനല്‍റ്റി ബോക്‌സില്‍ അവസാനിക്കുകയായിരുന്നു. കളിയുടെ 30ാം മിനിറ്റില്‍ ബ്രസീല്‍ വല കുലുക്കിയെങ്കിലും വാര്‍ ചെക്കിങില്‍ ഓഫ്‌സൈഡ് വിധിച്ചതു തിരിച്ചടിയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെനല്‍റ്റി ബോക്‌സിന് സമീപത്ത് നിന്ന് റാഫിഞ്ഞ എടുത്ത ഫൗള്‍ കിക്ക് കാത്ത് നിന്ന റോഡ്രിഗോയെയും കടന്ന് മാര്‍ക്കിനോയുടെ കാലില്‍ എത്തുകയായിരുന്നു. ഒട്ടും പ്രയാസമില്ലാതെ അത് വലയിലെത്തിച്ചു. റഫറി ഗോള്‍ വിധിച്ചെങ്കിലും വാര്‍ ചെക്കിങില്‍ ഓഫ് സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു. 74 ശതമാനം ബോള്‍ പൊസഷനുമായി കളിയിലുടനീളം ആധിപത്യം ഉറപ്പിച്ച ബ്രസീല്‍ 19 ഷോട്ടുകള്‍ പോസ്റ്റിന് നേര്‍ക്ക് ഉതിര്‍ത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. കോസ്റ്ററീക്കയുടെ തൊടുത്ത ഷോട്ടുകള്‍ രണ്ടെണ്ണം മാത്രം. 2016ന് ശേഷം ആദ്യമായാണ് കോസ്റ്ററീക കോപ്പ കളിക്കാനെത്തുന്നത്.

വിങ്ങിലൂടെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ നടത്തിയ നീക്കങ്ങളൊന്നും സഹതാരങ്ങൾക്ക് ഗോളിലെത്തിക്കാനായില്ല. 60ാം മിനിറ്റിൽ റാഫിഞ്ഞ വലതു വിങ്ങിലൂടെ കടന്നുകയറി ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ഗോളിനടുത്തെത്തിയെങ്കിലും കോസ്റ്ററിക്ക പ്രതിരോധിച്ചു. 63ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ലൂകാസ് പക്വറ്റയുടെ ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തൊട്ടുപിന്നാലെ താരത്തിന്‍റെ മറ്റൊരു ഷോട്ട് കോസ്റ്ററിക്ക ഗോൾ കീപ്പർ പാട്രിക് സെക്വീര തട്ടിയകറ്റി.

70ാം മിനിറ്റിൽ വിനീഷ്യസിനു പകരം കൗമാത താരം എൻഡ്രിക്ക് കളത്തിലിറങ്ങിയതോടെ ബ്രസീലിന്‍റെ ആക്രമണത്തിന് മൂർച്ചകൂടി. കോസ്റ്ററിക്ക ഗോൾമുഖം തുടരെ തുടരെ വിറപ്പിച്ചിട്ടും പന്ത് വലിയിലെത്തിക്കാനായില്ല. ഇൻജുറി ടൈമിൽ ബ്രസീലിനു സുവർണാവസരം ലഭിച്ചെങ്കിലും ബ്രൂണോ ഗ്യൂമാറെസിന്‍റെ ഷോട്ട് പോസ്റ്റിനു തൊട്ടുമുകളിലൂടെ പുറത്തേക്ക് പോയി. ഒടുവിൽ മത്സരം ഗോൾരഹിതമായി അവസാനിച്ചു. ബ്രസീലിന് നിരാശയാണെങ്കിൽ, കോസ്റ്ററിക്കക്ക് ജയത്തോളം പോന്ന സമിനിലയാണിത്.