28
Jun 2024
Sun
28 Jun 2024 Sun
Kolkata Airport Bomb threat

കൊല്‍ക്കത്ത: വിമാനവും വിമാനത്താവളവുമൊക്കെ അങ്ങിനെയാണ്, ചെറിയ സംശയം പോലും വലിയ പൊല്ലാപ്പുണ്ടാക്കും. (Flight delayed, scare at Kolkata airport after passenger asks ‘is there a bomb’ )  കൊല്‍ക്കത്തെ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ഒരു നിസ്സാര ചോദ്യമാണ് യാത്രക്കാരെയും ജീവനക്കാരെയും മണിക്കൂറുകള്‍ വലച്ചത്. കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് ആണ് ബോംബുണ്ടോയെന്ന യാത്രക്കാരന്റെ തമാശ നിറഞ്ഞ ചോദ്യം മൂലം വൈകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെയാണ് യാത്രക്കാരന്‍ ബോംബ് ഉണ്ടോ എന്ന ചോദ്യമുയര്‍ത്തിയത്.
സുരക്ഷാ പരിശോധന നീളുന്നത് കണ്ട യാത്രക്കാരന്‍ പ്രകോപിതനായി ബോംബുണ്ടോ എന്ന് ചോദിക്കുകയായിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പറയുന്നതനുസരിച്ച് ലഗേജുകള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സൂക്ഷമമായി പരിശോധിക്കുന്നത് കണ്ട യാത്രക്കാരില്‍ ഒരാള്‍ പെട്ടെന്ന് പ്രകോപിതനാകുകയായിരുന്നു. പിന്നാലെ ‘അതിലെന്താ ബോംബ് ഉണ്ടോ?’ എന്ന് യാത്രക്കാരന്‍. ബോംബ് എന്ന് കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞെത്തി.

യാത്രക്കാരന്റെ നിസ്സാര ചോദ്യം മാത്രമായിരുന്നെങ്കിലും വ്യാപക പരിശോധനയാണ് പിന്നീട് വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും നടന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാര്‍ ഉടനടി പുറത്തിറക്കി.

യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ചുപെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാര്‍ക്ക് ബോംബ് ഇല്ലെന്ന് ഉറപ്പ് വന്നതോടെയാണ് സമാധാനമായത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ അഞ്ചു മണിക്കൂറിലേറെ വൈകി, വൈകുന്നേരം 5.30ഓടെ വിമാനം പൂനെയിലേക്ക് പറന്നു.

ഏപ്രിലില്‍ മാത്രം രണ്ട് തവണയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടായത്. അതുകൊണ്ട് തന്നെ ചെറിയ സംശയങ്ങള്‍ പോലും ദൂരീകരിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു സുരക്ഷാ പരിശോധന.