തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റ് വീണ്ടും തകരാറിലായി. ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറും രോഗിയുമാണ് ഇന്ന് ലിഫ്റ്റില്‍ കുടുങ്ങിയത്.
|
അത്യാഹിത വിഭാഗത്തില്‍ നിന്ന് സി.ടി സ്കാനിലേക്ക് പോകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലിഫ്റ്റാണ് തകരാറിലായത്. ഇവരെ പിന്നീട് ആശുപത്രി ജീവനക്കാര്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ 42 മണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് മെഡിക്കല്‍ കോളജ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. 42 മണിക്കൂറിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിക്കാണ് രവീന്ദ്രനെ ലിഫ്റ്റില്‍ നിന്ന് അവശനിലയില്‍ പുറത്തെത്തിച്ചത്. നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുവാനായാണ് രവീന്ദ്രന് ഒ.പി വിഭാഗത്തിലെത്തിയത്. താഴത്തെ നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് പോകേണ്ട ലിഫ്റ്റ് പാതിവഴിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.
ലിഫറ്റിന്റെ കുലുക്കത്തില്‍ രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണ് തകരാറിലായതിനാല്‍ കുടുങ്ങിയ വിവരം പുറത്തുള്ളവരെ വിളിച്ചറിയിക്കാന്‍ കഴിഞ്ഞില്ല. ലിഫ്റ്റിലുള്ള എമര്‍ജന്‍സി ഫോണ്‍ ഉപയോഗിച്ച് വിളിച്ചെങ്കിലും ആരും എടുത്തില്ല. എമര്‍ജന്‍സി ്ലാറവും ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഇതിനിടെ ലിഫ്റ്റ് ഓപറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. അടുത്ത ദിവസം ഞായാറാഴ്ചയായതിനാല്‍ ഒരാളും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.
മെഡിക്കല്‍ കോളജില്‍ വച്ച് രവീന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം ആശുപത്രിയില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ തകരാര്‍ പരിഹരിക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ ലിഫ്റ്റ് തുറന്നപ്പോഴാണ് രവീന്ദ്രനെ അവശനിലയില്‍ കണ്ടെത്തിയത്.
രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ ഇന്നലെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമീഷന്റെ നിര്‍ദേശം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





