20
Aug 2024
Sat
20 Aug 2024 Sat
Kerala cricket league thrissur titans buys Varun Nayanar

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തിൽ സ്റ്റാർ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുൺ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂർ ടൈറ്റൻസ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തിൽ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുൺ. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂർ സ്വദേശിയായ വരുൺ 14-ാം വയസു മുതൽ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിന്റെ അണ്ടർ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്. കുച്ച് ബിഹാർ ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് വേണ്ടി 209 റൺസടിച്ചായിരുന്നു വരുൺ അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടർന്ന് വിവിധ ടൂർണമെന്റുകൾ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടർ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂർ ജില്ല ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്‌സ് എന്നിവയ്ക്ക് വേണ്ടിയും വരുൺ കളിച്ചിട്ടുണ്ട്.

ദുബൈയിൽ താമസമാക്കിയ ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനാണ് വരുൺ. മുംബൈ ഇന്ത്യൻസ് താരവും മലയാളിയുമായ വിഷ്ണു വിനോദാണ് തൃശൂർ ടൈറ്റൻസിന്റെ ഐക്കൺ സ്റ്റാർ. ടി20 ക്രിക്കറ്റ് ലീഗിൽ കരുത്തുറ്റ ടീമിനെയാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയതെന്ന് ടീം ഉടമയും ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. ഏഴ് ബാറ്റർമാർ, മൂന്ന് ഓൾ റൗണ്ടേഴ്‌സ്, നാല് ഫാസ്റ്റ് ബൗളേഴ്‌സ്, മൂന്ന് സ്പിന്നേഴ്‌സ് ഉൾപ്പെടുന്നതാണ് തൃശൂർ ടൈറ്റൻസ് ടീം.

മറ്റു ടീം അംഗങ്ങളും ചെലവഴിച്ച തുകയും-അബിഷേക് പ്രതാപ് (ഓൾ റൗണ്ടർ-85,000),മോനു കൃഷ്ണ(വിക്കറ്റ് കീപ്പർ-1,10,000),ആദിത്യ വിനോദ് (ബൗളർ-50000), അനസ് നസീർ(ബാറ്റ്‌സ്മാൻ-50,000), മൊഹമ്മദ് ഇഷാഖ് (ബൗളർ-100000), ഗോകുൽ ഗോപിനാഥ്(ബൗളർ-100000), അക്ഷയ് മനോഹർ (ഓൾ റൗണ്ടർ-360000), ഇമ്രാൻ അഹമ്മദ്(ഓൾ റൗണ്ടർ-100000), ജിഷ്ണു എ(ഓൾ റൗണ്ടർ-190000), അർജുൻ വേണുഗോപാൽ(ഓൾ റൗണ്ടർ-100000), ഏഥൻ ആപ്പിൾ ടോം(ഓൾ റൗണ്ടർ-200000), വൈശാഖ് ചന്ദ്രൻ( ഓൾ റൗണ്ടർ-300000), മിഥുൻ പികെ(ഓൾറൗണ്ടർ-380000), നിതീഷ് എംഡി(ബൗളർ-420000), ആനന്ദ് സാഗർ( ബാറ്റർ-130000), നിരഞ്ചൻ ദേവ്(ബാറ്റർ-100000).