ചെന്നൈ: പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ജനപ്രിയ നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി അടുത്ത ചുവട് വയ്ക്കുന്നു.(Actor Vijay party Tamilaka Vetri Kazhakam flag launching today) തമിഴക വെട്രി കഴകത്തിന്റെ പതാക ഇന്ന് പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10:30ന് വിജയ് പതാക ഉയര്‍ത്തും.
|
സംഗീതജ്ഞന്‍ എസ് തമന്‍ ചിട്ടപ്പെടുത്തിയ പാര്‍ട്ടി ഗാനവും ചടങ്ങില്‍ പരിചയപ്പെടുത്തും. തമിഴ്നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിച്ച് പതാക ഉയര്‍ത്താനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മുഴുവന്‍ ഓളം സൃഷ്ടിക്കാനാണ് വിജയ്‌യുടെ തീരുമാനം
മഞ്ഞ നിറത്തിലുള്ള പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളുമാണ് പാര്‍ട്ടിക്കായി രൂപകല്‍പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രതിനിധികള്‍ പതാക പ്രകാശന ചടങ്ങിനെത്തും. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.
ആരാധാകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ദി ഗോട്ടി’ന്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. നിലവില്‍ വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ സമ്മേളന നഗരിക്ക് അനുമതി തേടിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കാനാണ് പ്ലാന്‍. നിലവില്‍ തമിഴ്‌നാട്ടിലെ ജനകീയ-സമൂഹ്യ പ്രശ്‌നങ്ങളിലെല്ലാം ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട് വിജയ്. ഡിഎംകെ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി പ്രധാന പ്രതിപക്ഷം എന്ന റോളിലേക്ക് വിജയ് ഇപ്പോള്‍ തന്നെ മാറിയിട്ടുണ്ട്.
ആദ്യ സമ്മേളനത്തില്‍ വിജയ് പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് അണികളെ അഭിസംബോധന ചെയ്യും. നേരത്തെ തിരുച്ചിറപ്പള്ളിയില്‍ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.





