19
Oct 2026
Mon
19 Oct 2026 Mon
supreme court

ന്യൂഡൽഹി: കുട്ടികൾക്കെതിരായ സൈബർ അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. ഡിജിറ്റൽ സുരക്ഷയും പ്രായത്തിനനുയോജ്യമായ ലൈംഗിക വിദ്യാഭ്യാസവും വെവ്വേറെയല്ല, മറിച്ച് ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഇവ ഒരൊറ്റ വിഷയമായി പ്രാഥമിക തലം മുതൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസ് ജെ. ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ കുട്ടികളുടെ സുരക്ഷ മുൻനിർത്തി 16 സുപ്രധാന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കുട്ടികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും സുരക്ഷയുടെ പേരിൽ ഈ അവകാശം പൂർണമായി നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സ്കൂളുകളിലും പാഠ്യപദ്ധതിയിലും വരുത്തേണ്ട മാറ്റങ്ങൾ

  • ശരീര അവബോധവും സമ്മതവും: സ്വന്തം ശരീരത്തെക്കുറിച്ചും, ഗുഡ് ടച്ച് – ബാഡ് ടച്ച് എന്നിവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും, സമ്മതത്തിന്റെ (Consent) പ്രാധാന്യത്തെക്കുറിച്ചും പ്രായത്തിന് അനുയോജ്യമായ രീതിയിൽ കുട്ടികളെ പഠിപ്പിക്കണം.

  • പാഠഭാഗങ്ങളുടെ നിർമാണം: ചൈൽഡ് സൈക്കോളജിസ്റ്റുകൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ആലോചിച്ച് NCERT, SCERT എന്നിവ പാഠഭാഗങ്ങൾ, ഓഡിയോ-വീഡിയോ സംവിധാനങ്ങൾ, ചിത്രങ്ങൾ എന്നിവ സഹിതം തയ്യാറാക്കണം.

  • ഹെൽപ്പ് ലൈൻ വിവരങ്ങൾ: ചൈൽഡ് ഹെൽപ്പ് ലൈൻ (1098), സൈബർ ക്രൈം ഹെൽപ്പ് ലൈൻ (1930), നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ എന്നിവയുടെ ವಿವರങ്ങൾ എല്ലാ ക്ലാസ് മുറികളിലും, ഹോസ്റ്റലുകളിലും, ലൈബ്രറികളിലും, സ്കൂൾ വെബ്‌സൈറ്റുകളിലും വ്യക്തമായി പ്രദർശിപ്പിക്കണം.

  • ഡിജിറ്റൽ ഫിൽട്ടറുകൾ: സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും കമ്പ്യൂട്ടറുകളിലും നെറ്റ്‌വർക്കുകളിലും അപകടകരമായ ഉള്ളടക്കങ്ങൾ തടയുന്നതിനുള്ള ഫിൽട്ടറുകൾ നിർബന്ധമായും സ്ഥാപിക്കണം.

അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം

കുട്ടികളുടെ മാനസിക ലക്ഷണങ്ങളും ഓൺലൈൻ അപകടസാധ്യതകളും തിരിച്ചറിയാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും കൃത്യമായ പരിശീലനം നൽകണമെന്ന് കോടതി നിർദേശിച്ചു.

  • കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമ്പോൾ പരസ്പരവിശ്വാസം തകരാത്ത രീതിയിൽ പെരുമാറാൻ രക്ഷിതാക്കളെ ബോധവൽക്കരിക്കണം.

  • ഗ്രൂമിംഗ് ലക്ഷണങ്ങൾ തിരിച്ചറിയാനും പോക്സോ നിയമത്തിലെ സെക്ഷൻ 19, 21 പ്രകാരമുള്ള നിർബന്ധിത റിപ്പോർട്ടിംഗ് ചുമതലകൾ നിറവേറ്റാനും അധ്യാപകർക്ക് പരിശീലനം നൽകണം.

  • കുട്ടികൾക്ക് പോക്സോ സംബന്ധമായ ദുരനുഭവങ്ങളുണ്ടായാൽ പൂർണ രഹസ്യാത്മകതയോടെ സൗജന്യ മാനസികാരോഗ്യ പിന്തുണയും കൗൺസിലിംഗും സർക്കാരുകൾ ഉറപ്പുവരുത്തണം.

കോടതിയുടെ നിർണായക നിരീക്ഷണം

“കുട്ടികൾ ചെറുപ്പത്തിൽത്തന്നെ ആരെയാണ് കാണേണ്ടതെന്നും സംസാരിക്കേണ്ടതെന്നും തിരിച്ചറിയണം. അനുചിതമായ അഭ്യർഥനകളെയും പെരുമാറ്റങ്ങളെയും തിരിച്ചറിയാനും, സ്വന്തം അന്തസ്സും മറ്റുള്ളവരുടെ അന്തസ്സും സംരക്ഷിക്കാനും, ഏതെങ്കിലും അനിഷ്ട സംഭവം ഉണ്ടായാൽ ആരെയാണ് സമീപിക്കേണ്ടതെന്നും അവർ അറിഞ്ഞിരിക്കണം. ഓൺലൈനിലും ഓഫ്‌ലൈനിലും കുട്ടികളുടെ സുരക്ഷയ്ക്ക് ഇത് അത്യാവശ്യമാണ്,”

— സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായുള്ള പുരോഗതി വിവരിക്കുന്ന സത്യവാങ്മൂലം ഡിസംബർ 10-നകം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.

Tags: Supreme Court Digital Safety Guidelines, Sex Education School Curriculum, Justice JB Pardiwala Supreme Court, Child Safety Online POCSO, National News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക