ന്യൂഡല്‍ഹി: ഹിന്ദുത്വ എന്നതിന് പകരം ഭാരതീയ സംവിധാനത(ഇന്ത്യന്‍ ഭരണഘടന) എന്ന് ഉപയോഗിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി(Supreme Court Dismisses Plea to Replace ‘Hindutva’ with ‘Bharatiya Samvidhanatva’ ) . ഡോ. എസ് എന്‍ കുന്ദ്ര നല്കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാദംപോലും കേള്‍ക്കാന്‍ തയ്യാറാകാതെ തള്ളിയത്.
|
ഭരണഘടനയില്‍ പറയുന്ന ജനാധിപത്യ, മതേതര മൂല്യങ്ങളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതാണ് ഹിന്ദുത്വയെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, ഇത്തരം ഹരജികള്‍ പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമാണിതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഹരജിയില്‍ കൂടുതല്‍ വാദമുഖങ്ങള്‍ സമര്‍പ്പിക്കാന്‍ ഡോ. കുന്ദ്ര ശ്രമിച്ചെങ്കിലും ബെഞ്ച് അനുവദിച്ചില്ല. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
ഹിന്ദു ദേശീയത എന്ന ആശയത്തില്‍ ഊന്നി നില്‍ക്കുന്നതാണ് ഹിന്ദുത്വ. വിഡി സവര്‍ക്കറിനെ പോലുള്ളവര്‍ മുന്നോട്ട് വച്ച ഈ ആശയം അടിസ്ഥാനമായി സ്വീകരിച്ചാണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.
മതേതരത്വത്തേക്കാളുപരി സാമുദായികതയിലും ഹൈന്ദവദേശീയതയിലും ഊന്നിയുള്ളതാണ് ഹിന്ദുത്വം.





