23
Oct 2024
Sun
23 Oct 2024 Sun
Kozhikode man and Bengali woman arrested with MDMA

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: ബെംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് ഇവരില്‍നിന്ന് 100 ഗ്രാം വരുന്ന MDMA കൂട്ടുപുഴയില്‍ പിടിച്ചെടുത്തത്. പോലീസ് കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.

കോഴിക്കോട് സ്വദേശി മുഹമ്മദ് അമീര്‍ (34), പശ്ചിമ ബംഗാള്‍ സ്വദേശിനി സല്‍മ കാത്തൂണ്‍ (30) എന്നിവരാണ് പിടിയിലായത്. കൂട്ടുപുഴയില്‍ വാഹനപരിശോധനയ്ക്കിടയിലാണ് ഇവര്‍ പിടിയിലായത്. കടത്താനുപയോഗിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ബാഗില്‍നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്.
പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 3,50,000 രൂപ വരും. പ്രതികള്‍ പയ്യാമ്പലത്തെ ഫഌറ്റില്‍ ദമ്പതിമാരെന്ന വ്യാജേന താമസിച്ചു വരികയായിരുന്നു.

ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉള്‍പ്പെടെ ഇരുവരും മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു. ഇവരെക്കുറിച്ച് നേരത്തേതന്നെ എസ്.പി.യുടെ സ്‌ക്വാഡിന് വിവരം ലഭിച്ചതിനാല്‍ ആറുമാസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കിയാണ് ഇവര്‍ യാത്ര തുടര്‍ന്നത്. കഴിഞ്ഞദിവസം ഇരുവരും ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എയുമായി വരുന്ന വഴി മൊബൈല്‍ ഫോണ്‍ ഓണാക്കിയതോടെയാണ് പ്രത്യേക സംഘത്തിന്റെ കെണിയില്‍ വീണത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Kozhikode man and Bengali woman arrested with MDMA