നിക്ഷേപത്തിന് ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ മൊബൈല്‍ ആപ്പ് വഴി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശിനി പിടിയില്‍. കൊല്ലം പള്ളിത്തോട് സ്വദേശിനി ജെന്‍സിമോളാണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് യുവതി കൊച്ചി സൈബര്‍ സിറ്റി പോലീസിന്റെ പിടിയിലായത്.
|
എഎസ്ഒ എന്ന ആപ്പ് വഴിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ആയിരഞ്ഞിയഞ്ഞൂറോളം പേരാണ് യുവതിയുടെ തട്ടിപ്പിനിരയായത്. ആപ്പില്‍ പണം നിക്ഷേപിച്ച് കബളിക്കപ്പെട്ട ഫോര്‍ട്ട് കൊച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് തട്ടിപ്പുകാരി പിടിയിലായത്. കൊച്ചിയില്‍ നിന്ന് അമ്പതിലേറെ പേരാണ് ജെന്‍സിമോള്‍ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതി പണം തട്ടിയതായാണ് വിവരം. നേരത്തേയും സമാനമായ ആപ്പിലൂടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് അരങ്ങേറിയിരുന്നു. ആപ്പില്‍ ആദ്യം നിക്ഷേപമിറക്കുന്ന ആളുകള്‍ക്ക് ലാഭം കൃത്യമായും നല്‍കുകയും കൂടുതലാളുകള്‍ വന്‍തുക നിക്ഷേപിക്കുന്നതോടെ പണം അടിച്ചുമാറ്റുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.


