24
Nov 2024
Fri
24 Nov 2024 Fri
umer faizy mukkam sadikali thangal

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ പള്ളികളുടെ ഖാളി സ്ഥാനം ഏറ്റെടുക്കുന്നതിനെതിരേ ഉമര്‍ ഫൈസി മുക്കം ഉയര്‍ത്തിയ വിമര്‍ശനം സമസ്തയെ തുറന്ന പോരിലേക്ക് നയിക്കുന്നു. പാണക്കാട് സാദിഖലി തങ്ങളെ ലക്ഷ്യമിട്ട് വിമര്‍ശനമുന്നയിച്ച ഉമര്‍ ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല ചേരി പ്രമേയം പാസാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉമര്‍ ഫൈസിക്ക് മറുപടിയുമായി മലപ്പുറം എടവണ്ണപ്പാറയില്‍ സമസ്ത മേഖല കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.

പാണക്കാട് കുടുംബത്തെ സമസ്തയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ സമ്മേളനത്തില്‍ പറഞ്ഞു. സമസ്തയുടെ വിലക്ക് മറികടന്നാണ് ചില മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കിയെതന്ന് പൂക്കോട്ടൂര്‍ പറഞ്ഞു.

സമ്മേളനം നടത്താന്‍ എം ടി അബ്ദുള്ള മുസ്ലിയാരോട് സമ്മതം തേടിയിരുന്നു. സമസ്തയില്‍ ഇനി ഒരു പിളര്‍പ്പ് ഉണ്ടാകില്ല. അതിന് വേണ്ടി ആരും കൊതിക്കേണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഉമര്‍ ഫൈസിയുടെ സിപിഐഎം ബന്ധം ഉയര്‍ത്തികാട്ടിയാണ് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എ റഹ്‌മാന്‍ ഫൈസിയും ആഞ്ഞടിച്ചത്.

മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകര്‍ക്കലാണ് വിവാദങ്ങളുടെ ലക്ഷ്യമെന്നും സിപിഐഎമ്മിനെ സഹായിക്കാന്‍ വേണ്ടിയാണ് ചിലര്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നതെന്നും റഹ്‌മാന്‍ ഫൈസി പറഞ്ഞു.

വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടന്ന് മുസ്ലിം ലീഗ് നേതൃത്വം നിലപാട് എടുത്ത സാഹചര്യത്തില്‍ സമസ്തയിലെ ഭിന്നത വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായേക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക